ADVERTISEMENT

രേഖാചാത്രത്തിൽ നിന്നൊഴിവാക്കപ്പെട്ട സീനിൽ അഭിനയിച്ച ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി നേരിൽ കണ്ട് ആശ്വസിപ്പിച്ചത് സിനിമയുടെ റിലീസ് ദിനത്തിൽ ഏറെ ചർച്ചയായിരുന്നു. ഉദയംപേരൂർ പൂത്തോട്ടയുള്ള ഓട്ടോ ഡ്രൈവർ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരം. ഒഴിവാക്കപ്പെട്ട രംഗം ‘ഡിലീറ്റഡ് സീൻ’ ആയി പുറത്തു വിടുമെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചിരുന്നു. അഭിനയിച്ച സീൻ സിനിമയിൽ നിന്നൊഴിവാക്കപ്പെട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ സുലേഖയുടെ കഥ അങ്ങനെ നാട്ടിലെങ്ങും പാട്ടായി. സുലേഖയുടെ ഭാഷയിൽ പറഞ്ഞാൽ, അങ്ങനെ ഞാനും സെലിബ്രിറ്റിയായി. രേഖാചിത്രത്തിലെ ഒഴിവാക്കപ്പെട്ട രംഗത്തെക്കുറിച്ചും തുടർന്നു നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് സുലേഖ മനോരമ ഓൺലൈനൊപ്പം ചേരുന്നു. 

ഒറ്റ സീൻ, അതും ആസിഫിനൊപ്പം

രേഖാചിത്രത്തിൽ ഒരു തയ്യൽക്കാരിയുടെ വേഷമായിരുന്നു ചെയ്തത്. എന്നോടു ഒരു പഴയ സാരി ഉടുത്തു വരാൻ പറഞ്ഞു. ഞാൻ ആദ്യമായിട്ടാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. എന്താണ് ഷൂട്ട് എന്നൊന്നും അറിയില്ല. എന്നോടു തയ്യൽ മെഷീനിൽ ഇരുന്ന് അവർ തന്ന ഡയലോഗ് പറയാൻ പറഞ്ഞു. ആദ്യം ഒരു പയ്യനായിരുന്നു എനിക്കൊപ്പം അഭിനയിച്ചത്. അതു ഞാൻ നന്നായി ചെയ്തു. ഷോട്ട് കഴിഞ്ഞെന്നു കരുതി ഇരുന്നപ്പോഴാണ് ഇനിയാണ് ശരിക്കും ഉള്ള സീൻ എന്നു മനസ്സിലായത്. ആസിഫ് അലി സാറായിരുന്നു എനിക്കു മുൻപിൽ വന്നു നിന്നത്. സർ അടുത്തു വന്നു നിന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. മുൻപ് ചെയ്ത പോലെ ആയില്ല. അപ്പോൾ സർ ചോദിച്ചു, ‘ചേച്ചി പേടിച്ചു പോയോ?’എന്ന്! ചിരിച്ചോണ്ടാണ് സർ അതു ചോദിച്ചത്. ‘അവനോടു മുൻപു പറഞ്ഞില്ലേ... അതുപോലെ പറഞ്ഞാൽ മതി’ എന്നും പറഞ്ഞു. സർ സിംപിൾ ആണല്ലോ എന്നു മനസ്സിലായപ്പോൾ ധൈര്യം കിട്ടി. അങ്ങനെ ആ സീൻ ചെയ്തു. ടേക്ക് ഓകെ ആയി. നന്നായെന്ന് ആസിഫ് അലി സാറും പറഞ്ഞു.

ഓടിച്ചെന്ന് അഭിനയിച്ചത്

അമച്വർ നാടകങ്ങൾ ചെയ്യുന്ന ഞങ്ങളുടെ ഒരു നാടക കൂട്ടായ്മ ഉണ്ട്. ഉദയംപേരൂർ പൂത്തോട്ടയിലാണ് ഇത്. അഭിനയിക്കാൻ കുഞ്ഞുപ്രായം മുതലെ വലിയ ഇഷ്ടമാണ്. അന്നൊന്നും നടന്നില്ല. അതിനുള്ള ജീവിതസാഹചര്യവും ഉണ്ടായിരുന്നില്ല. ആരും പ്രോത്സാഹിപ്പിക്കാനും ഇല്ലായിരുന്നു. ആ ആഗ്രഹം ഉള്ളിൽ കിടന്നിരുന്നതുകൊണ്ട് അഭിനയിക്കാൻ കിട്ടുന്ന അവസരം ഒന്നും ഒഴിവാക്കില്ല. ഞാൻ ഈ നാടക റിഹേഴ്സലിനു പോകുന്ന ഇടത്ത് ഒരു സലൂൺ ഉണ്ട്. അവിടെ ഉള്ള സാബു (ഡാനി) ജൂനിയർ ആർടിസ്റ്റ് ആയിട്ടൊക്കെ പോകാറുണ്ട്. ആളാണ് എന്നെ വിളിക്കുന്നത്. ‘ചേച്ചി ഡയലോഗ് പറയില്ലേ? പെട്ടെന്നു വാ’ എന്നും പറഞ്ഞു വിളിച്ചു. പഴയൊരു സാരിയുടുത്ത് പെട്ടെന്നു വരാൻ പറഞ്ഞപ്പോൾ ഞാൻ ചെന്നതാണ്. ഞാൻ ഓടിപ്പിക്കുന്ന ഓട്ടോയിൽ തന്നെ സെറ്റിലേക്ക് പോയി. ചോറ്റാനിക്കരയ്ക്ക് അടുത്ത് എരുവേലി എന്ന സ്ഥലത്തായിരുന്നു ഷൂട്ട്. ശരിക്കും ഓടിച്ചെന്ന് അഭിനയിക്കുകയായിരുന്നു. 

പോസ്റ്റർ
പോസ്റ്റർ

ആവേശത്തിൽ ഫോട്ടോ എടുക്കാൻ മറന്നു

സീൻ ചെയ്തു കഴിഞ്ഞപ്പോൾ ആസിഫ് അലി സർ എനിക്ക് ഷേക്ക് ഹാൻഡ് തന്നു. എനിക്ക് ആദ്യമായി കിട്ടിയ അംഗീകാരം അല്ലേ. ആ ആവേശത്തിൽ ഞാൻ അവിടെ നിന്നു. അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കാൻ മറന്നു പോയി. അപ്പോഴേക്കും സർ അവിടെ നിന്നു പോയിരുന്നു. ഞാൻ ഷൂട്ട് നടക്കുന്ന വീട്ടിലേക്ക് ഓടിച്ചെന്നു നോക്കി. ഞാൻ ചെല്ലുന്ന സമയത്ത് ഒരു കാർ അവിടെ നിന്നു പോകുന്നുണ്ടായിരുന്നു. അതൊന്നും നോക്കാതെ ഞാൻ ഓടിപ്പാഞ്ഞ് ചെന്നു. കുറച്ചു പേർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആസിഫ് അലി സർ ഉണ്ടോയെന്ന് അവരോട് ചോദിച്ചപ്പോഴാണ് സർ ഇപ്പോൾ തന്നെ പോയതേ ഉള്ളൂവെന്ന് അവർ പറഞ്ഞത്. എനിക്ക് സങ്കടമായി. അപ്പോൾ ജോഫിൻ സർ ചോദിച്ചു, ഫോട്ടോയിൽ ഞാൻ നിന്നാൽ മതിയോ എന്ന്! എനിക്കാണെങ്കിൽ ആ സമയത്ത് അദ്ദേഹം ജോഫിൻ സർ ആണെന്നോ സംവിധായകനാണെന്നോ അറിയില്ലായിരുന്നു. സിനിമയുടെ ആരെങ്കിലുമൊക്കെ ആകുമല്ലോ എന്നു കരുതി അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുത്തു. സിനിമയിൽ അഭിനയിച്ചെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കണ്ടേ! അതിനു വേണ്ടിയാണ് ഫോട്ടോ എടുത്തത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് ആസിഫ് അലി സാറിന്റെ പേരിൽ ഒരു വിവാദമുണ്ടായത്. എല്ലാവരും അദ്ദേഹത്തിനെക്കുറിച്ച് പോസ്റ്റ് ഒക്കെ ഇടുന്നു. ഷൂട്ടിന്റെ സമയത്ത് ഫോട്ടോ എടുത്തിരുന്നേൽ എനിക്കും ഇടാരുന്നല്ലോ എന്ന് ഞാനും ഓർത്തു. 

rekhachithram-review23

തിയറ്ററിൽ ഇരുന്ന് കരഞ്ഞു പോയി

ഓട്ടോറിക്ഷ ഓടിപ്പിക്കുന്നതുകൊണ്ട് ഒരുപാടു പേരെ ഓരോ ദിവസവും കാണും. നാട്ടിലെ എല്ലാവരും പരിചയക്കാരാണ്. അങ്ങനെ എല്ലാവരോടും സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. അതുകൊണ്ട്, എല്ലാവരും സിനിമ കാണാൻ കാത്തിരിക്കുകയായിരുന്നു. റിലീസ് ഡേറ്റ് ആയപ്പോൾ സിനിമയ‌ുടെ ആളുകൾ എനിക്ക് രണ്ടു ടിക്കറ്റ് അയച്ചു തന്നു. ഇടപ്പള്ളിയിലെ വനിത–വിനീത തിയറ്ററിലായിരുന്നു ഷോ. എനിക്കൊപ്പം എന്റെ കൂട്ടുകാരും പരിചയക്കാരും ഒക്കെ സിനിമ കാണാൻ വന്നു. അവരൊക്കെ സ്വന്തം ചെലവിൽ ടിക്കറ്റ് എടുത്താണ് വന്നത്. തിയറ്ററിൽ ആസിഫ് അലി സർ ഇരുന്നതിന്റെ രണ്ടു വരി മാറിയുള്ള നിരയിലായിരുന്നു എന്റെ സീറ്റ്. സിനിമ തുടങ്ങി കുറച്ചു നേരം കഴിഞ്ഞിട്ടും എന്റെ സീൻ വരുന്നില്ല. കുറച്ചു കഴിഞ്ഞു വരുമായിരിക്കുമെന്ന പ്രതീക്ഷയിൽ ഞാനിരുന്നു. ഒടുവിൽ ആസിഫ് അലിക്ക് അപകടം സംഭവിക്കുന്ന സീൻ ആയപ്പോൾ എനിക്കു സംശയം തോന്നി, എന്റെ ഭാഗം സിനിമയിൽ ഇല്ലായെന്ന്! എന്റെ നെഞ്ചൊക്കെ ശക്തമായി ഇടിക്കാൻ തുടങ്ങി. അടുത്തിരുന്ന കൂട്ടുകാരിയോട്, ‘എന്റെ ഭാഗം ഇനി കാണിക്കാതെ വരുമോടീ’ എന്നു ചോദിച്ചു. ഭയങ്കര ടെൻഷൻ! ഉണ്ടാകുമെന്ന് പറഞ്ഞ് അടുത്തിരുന്നവരൊക്കെ എന്നെ സമാധാനിപ്പിച്ചു. പക്ഷേ, എന്റെ സീൻ സിനിമയിൽ ഇല്ലായെന്ന് എനിക്കു മനസ്സിലായി. സിനിമ കഴിഞ്ഞു. ഞാൻ വല്ലാതായി. സീറ്റിൽ നിന്ന് എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. സിനിമ കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് അദ്ദേഹം എല്ലാവർക്കും കൈ കൊടുത്ത് ഇറങ്ങുകയായിരുന്നു. എനിക്ക് ഷേക്ക് ഹാൻഡ് തരാൻ വന്നതും ഞാൻ പൊട്ടിക്കരഞ്ഞു പോയി. ഞാൻ അതിൽ ഇല്ലെന്നും പറഞ്ഞായിരുന്നു കരച്ചിൽ. അദ്ദേഹം ആദ്യം വിചാരിച്ചത് ഞാൻ സിനിമ കണ്ടിട്ട് കരഞ്ഞതാണെന്നായിരുന്നു. പിന്നീടാണ് കാര്യം അറിഞ്ഞതും എന്നെ വിളിപ്പിച്ചതും. 

തിരിച്ചു വിളിച്ച് ‘രേഖാചിത്രം’ ടീം

സിനിമ കഴിഞ്ഞതിനു ശേഷം ഞാൻ കൂട്ടുകാർക്കൊപ്പം തിരികെ പോന്നു. നല്ല സിനിമയാണ്. എന്റെ സീൻ എന്തുകൊണ്ടോ വന്നില്ല. അക്കാര്യം മറ്റു കൂട്ടുകാരോടു പറഞ്ഞു. അതിനിടയിൽ, സിനിമ കണ്ട പലരും എന്നെ വിളിക്കുന്നുണ്ട്. എന്നെ കണ്ടില്ലല്ലോ എന്നു പറഞ്ഞാണ് വിളിക്കുന്നത്. എന്നെ സിനിമയിലേക്ക് ക്ഷണിച്ച പയ്യനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. ആ സീൻ പോയ കാര്യം പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്രയും സങ്കടം ആകില്ലായിരുന്നു എന്ന്! സിനിമയിൽ ഇതെല്ലാം സാധാരണമാണ്. എന്നാലും, ആ സീൻ ഇല്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ പരിചയക്കാരോടു ഇത്രമാത്രം പറയില്ലായിരുന്നു. ഇതിപ്പോൾ ഞാൻ നുണ പറഞ്ഞ പോലെ ആയില്ലേ! 10–15 വർഷമായി ഓട്ടോ ഓടിക്കുന്ന ആളാണ് ഞാൻ. നാട്ടിൽ എല്ലാവരുമായും നല്ല ബന്ധമാണ്. അതുകൊണ്ട് സിനിമ റിലീസായപ്പോൾ ഞാനും അതിൽ അഭിനയിച്ചിട്ടുണ്ടെന്ന് എല്ലാവരോടും പറഞ്ഞു. എന്റെ സീൻ കട്ട് ആയി പോയപ്പോൾ അതാണ് ഇത്രയും സങ്കടം ആയത്. എന്തായാലും സിനിമ കണ്ട് നാട്ടിൽ വന്നതും എനിക്ക് സിനിമാക്കാരുടെ വിളി വന്നു. വേഗം തിരിച്ചു ചെല്ലണം, ആസിഫ് അലി സർ കാണണമെന്നു പറഞ്ഞിട്ടുണ്ട് എന്ന്. 

ഇനി ഞാൻ നുണ പറഞ്ഞതാണെന്ന് ആരും പറയില്ല

പെട്ടെന്ന് ഓടിച്ചെല്ലാൻ എന്റെ കയ്യിൽ വണ്ടിയില്ല. ഇടയ്ക്കൊന്നു വീണ് കയ്യൊടിഞ്ഞ് ആ പരിക്ക് ഭേദമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, വണ്ടി ഓടിക്കാൻ പറ്റില്ല. മക്കളും അടുത്തുണ്ടായിരുന്നില്ല. അങ്ങനെ എന്റെ കൂട്ടുകാരിയെ വിളിച്ചു. അവളുടെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. അങ്ങനെ ആ ഓട്ടോയിൽ ഞങ്ങൾ കുണ്ടന്നൂരിലെ ഹോട്ടലിലേക്ക് തിരിച്ചു. പക്ഷേ, കഷ്ടകാലമെന്നല്ലേ പറയേണ്ടൂ, പോകുന്ന വഴിക്ക് വണ്ടി ബ്രേക്ക് ഡൗൺ ആയി. ഒരു വിധത്തിലാണ് അവിടെ എത്തിയത്. അപ്പോഴേക്ക് പ്രസ് മീറ്റ് കഴിഞ്ഞിരുന്നു. എങ്കിലും ആസിഫ് അലി സാറിനെ കാണാനായി. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ചേർത്തു നിറുത്തി. മറ്റൊരു സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു. എന്റെ കൂട്ടുകാർക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു. എന്റെ മനസ്സും നിറഞ്ഞു, കണ്ണും നിറഞ്ഞു. ഞാൻ ആസിഫ് അലി സാറിന്റെ കൂടെ ഒരു സീൻ ചെയ്തിട്ടുണ്ടെന്നു പറഞ്ഞാൽ ഇനി ആരും വിശ്വസിക്കാതിരിക്കില്ലല്ലോ! 

English Summary:

The heartwarming story of Sulekha, an auto-rickshaw driver whose deleted scene in "Rekhaachithram" led to a heartwarming encounter with Asif Ali. Read her emotional journey from a nervous junior artist to a local celebrity.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com