‘എന്താണു സംഭവിക്കുക എന്നറിയില്ല’: കാട്ടിലും മലയിലുമെല്ലാം സഹോദരനെത്തേടി അഭിജിത്ത്
Mail This Article
ഷിരൂർ ∙ ‘ചേട്ടൻ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടാകും എന്നുതന്നെയാണു പ്രതീക്ഷ. വന്ന ദിവസം മുതൽ ഞങ്ങൾ ഇവിടത്തെ കാട്ടിലും മലമുകളിലുമെല്ലാം തിരയുകയാണ്. അധികൃതർ തിരച്ചിൽ കുറെക്കൂടി കാര്യക്ഷമമാക്കണം’ – ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയെന്നു കരുതുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ സഹോദരൻ അഭിജിത്ത് പറഞ്ഞു.
16ന് അപകടമുണ്ടായതറിഞ്ഞയുടൻ സഹോദരീഭർത്താവ് ജിതിൻ, ബന്ധു പ്രസാദ് എന്നിവർക്കൊപ്പം അഭിജിത് ഷിരൂരിലേക്കു പുറപ്പെട്ടതാണ്. ലോറി ഉടമയുടെ സഹോദരൻ മുബീനും സുഹൃത്ത് രഞ്ജിത്തും ഇവർക്കുമുൻപേ തിരിച്ചിരുന്നു. അങ്കോളയിൽനിന്ന് ഇവർ 5 പേരും ഒന്നിച്ചാണു ഷിരൂരിലെത്തിയത്. സംഘത്തെ വഴിയിൽ പൊലീസ് തടഞ്ഞതോടെ 30 കിലോമീറ്റർ ചുറ്റി മറ്റൊരു വഴിയിലൂടെയാണു സംഭവസ്ഥലത്തെത്തിയത്. ഈ വഴിയിലെ വനമേഖലകളിലെല്ലാം അർജുനെ തിരഞ്ഞു. പലതവണ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി. ഇതിനിടെ ലോറി ഉടമ മനാഫും സ്ഥലത്തെത്തി.
‘ആദ്യ ദിവസങ്ങളിൽ തിരച്ചിൽ പേരിനു മാത്രമായിരുന്നു. ഒരു പൊലീസ് ജീപ്പും മണ്ണുമാന്തിയന്ത്രവും മാത്രമാണുണ്ടായിരുന്നത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തിരക്കിലായിരുന്നു അധികൃതർ’– സംഘത്തിലുള്ള പ്രസാദ് പറഞ്ഞു.
‘രാവിലെയും ഉച്ചയ്ക്കുമെല്ലാം ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടും. അവർ ഒന്നും വ്യക്തമായി പറയില്ല. സഹോദരി പിന്നീട് കോഴിക്കോട് എംപി എം.കെ.രാഘവനെ കണ്ട് പരാതി പറഞ്ഞു. ഞങ്ങൾ മാധ്യമങ്ങളെ വിവരമറിയിച്ചു. വലിയ വാർത്തയായതോടെയാണ് തിരച്ചിലിന് അൽപമെങ്കിലും ജീവൻ വച്ചത്’– അഭിജിത്ത് പറഞ്ഞു.
‘വെള്ളിയാഴ്ച വൈകിട്ടു മാത്രമാണു ഞങ്ങളെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഞങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളോടു ക്ഷോഭിച്ചു. തിരച്ചിലിന് ഇപ്പോഴും പ്രതീക്ഷിച്ച വേഗം പോരാ. എന്താണു സംഭവിക്കുക എന്നറിയില്ല’– അഭിജിത്ത് പറഞ്ഞു.