മോദി മന്ത്രിസഭയിലെ സമ്പന്നൻ പെമ്മസാനി ചന്ദ്രശേഖർ; യുഎസ് വിട്ട് രാഷ്ട്രീയത്തിൽ, 5785 കോടിയുടെ ആസ്തി
Mail This Article
ന്യൂഡൽഹി∙ മൂന്നാം മോദി സർക്കാരിൽ ടിഡിപിയിൽനിന്നും മന്ത്രിസഭയിലേക്ക് എത്തുന്ന ചന്ദ്രശേഖര്‍ പെമ്മസാനി രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാർത്തകളിൽ ഇടംപിടിച്ചത്. ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്ടർ ആയ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ 5785 കോടി രൂപയാണ് ഡോക്ടർ പെമ്മസാനി ചന്ദ്രശേഖറുടെ ആസ്തി.
യുഎസിൽ ഡോക്ടർ ആയ പെമ്മസാനി, അതിസമ്പന്നരുടെ നിരയിലേക്ക് ഉയർന്നത് ഓൺലൈൻ ലേണിങ് ആപ്പായ ‘യു വേൾഡ്’ സ്ഥാപിച്ചതോടെയാണ്. അടുത്ത 30 വർഷം രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് പെമ്മസാനി തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പറഞ്ഞത്. പ്രകടനം വിലയിരുത്തി ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടിഡിപിയുടെ രണ്ട് മന്ത്രിമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഡോ.ചന്ദ്രശേഖർ പെമ്മസാനിക്കു പുറമെ ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡുവാണ് ടിഡിപിയിൽ നിന്നും കേന്ദ്ര മന്ത്രിയായത്. മന്ത്രിസഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 36 വയസ്സുകാരനായ റാം മോഹൻ നായിഡു.