പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി; നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ തന്ത്രം
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാനൊരുങ്ങി ബിജെപി. എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്ന സൂചനകൾക്കിടെയാണു മറുതന്ത്രം പയറ്റുന്നത്. കേന്ദ്രമന്ത്രിമാരെ നിശ്ചയിച്ചതിലും സുപ്രധാന വകുപ്പുകൾ കൈവശം വച്ചതിലും കാണിച്ച ജാഗ്രത സ്പീക്കറുടെ കാര്യത്തിലും ബിജെപി തുടർന്നേക്കും. ഈമാസം 26നാണു സ്പീക്കർ തിരഞ്ഞെടുപ്പ്.
ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഇല്ലാത്തതിനാലും ടിഡിപി, ജെഡിയു സഖ്യകക്ഷികളെ ആശ്രയിച്ചു ഭരിക്കുന്നതിനാലും ഭരണമുന്നണിയായ എൻഡിഎയെ ഉലയ്ക്കാനാകുമോ എന്നാണു ഇന്ത്യാസഖ്യത്തിന്റെ നോട്ടം. ഈ പശ്ചാത്തലത്തിലാണ്, ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞത്. സ്പീക്കർ പദവിയിൽനിന്നു ബിജെപിയെ അകറ്റിനിർത്തുകയും എൻഡിഎയിൽ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
അതേസമയം, ടിഡിപിക്കു സ്പീക്കർ സ്ഥാനം നൽകുമെന്നു ബിജെപി പ്രഖ്യാപിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ടിഡിപിക്ക് സ്പീക്കർ പദവിയിൽ ആഗ്രഹമുണ്ട്, ഉടനെ ആവശ്യമുന്നയിക്കും എന്നു മാത്രമേ സൂചനയുള്ളൂ. സഭ തുടങ്ങിയ ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാകും. ഇതിനു ശേഷമാണു സ്പീക്കർ തിരഞ്ഞെടുപ്പ്. അതിനാൽ ബിജെപിക്ക് ആലോചിക്കാനും തീരുമാനമെടുക്കാനും സമയമുണ്ട്. കഴിഞ്ഞ രണ്ടുതവണയും നരേന്ദ്ര മോദി സർക്കാരിനു മുന്നണികളെ ആശ്രയിക്കാതെ ഭരിക്കാമായിരുന്നു. ഇത്തവണ സ്ഥിതി അങ്ങനെയല്ല. സഭാനടപടികളിൽ പാർട്ടിക്കു നിയന്ത്രണം അനിവാര്യമായതിനാൽ സ്പീക്കർ പദവി മറ്റാർക്കും നൽകാൻ ബിജെപി തുനിഞ്ഞേക്കില്ല.
ബിജെപിക്കു കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ വരുംനാളുകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം അവിശ്വാസപ്രമേയം കൂടുതൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ‘സ്വന്തമായൊരാൾ’ സ്പീക്കർ സ്ഥാനത്തില്ലെങ്കിൽ ബിജെപി വെള്ളം കുടിക്കും. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് വേണോ വേണ്ടയോ എന്നതടക്കമുള്ള സുപ്രധാന കാര്യങ്ങളിൽ സ്പീക്കറാണു തീരുമാനമെടുക്കുക. ബിജെപിക്ക് ‘റിസ്ക്’ എടുക്കാൻ പറ്റാത്ത 5 വർഷമാണു വരാനുള്ളതെന്നു ചുരുക്കം. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായെന്നാണു വിവരം. അമിത് ഷാ, ജെ.പി.നഡ്ഡ, ചിരാഗ് പാസ്വാൻ, രാജീവ് രഞ്ജൻ സിങ് തുടങ്ങിയവർ പങ്കെടുത്തു.
ടിഡിപി നേതാവ് എൻ.ചന്ദ്രബാബു നായിഡുവിനും െജഡിയു നേതാവ് നിതീഷ് കുമാറിനും ഇപ്പോൾ സംസ്ഥാന ഭരണമാണു മുഖ്യം. ഇതിനു ബിജെപിയുടെ പിന്തുണയും കേന്ദ്രസഹായവും ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടെങ്കിലും തൽക്കാലത്തേക്കു വാശിപിടിക്കാൻ ഇരു കൂട്ടരും തയാറായേക്കില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബിഹാറിൽ മുഖ്യമന്ത്രിയായി തുടരാനാണു നിലവിൽ നിതീഷിന് ഇഷ്ടം. കുറെ നാളിനുശേഷം ലഭിച്ച മുഖ്യമന്ത്രി പദവിയിലിരുന്ന് ആന്ധ്രപ്രദേശ് ഭരിക്കാൻ നായിഡുവിനും മോഹമുണ്ട്. ഇരുവരും ബിഹാറിലും ആന്ധ്രയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
സ്പീക്കർ വിഷയത്തിൽ എൻഡിഎയിലെ പ്രധാന ഘടകകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും വ്യത്യസ്ത നിലപാടുകളാണ്. ബിജെപി നിർദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നാണു ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞത്. എന്നാൽ, സ്ഥാനാർഥിയെ എൻഡിഎ ഘടകകക്ഷികൾ ഒരുമിച്ചു തീരുമാനിക്കണമെന്നാണു ടിഡിപിയുടെ പക്ഷം. വാജ്പേയി സർക്കാരിന്റെ കാലത്ത് ടിഡിപി സ്പീക്കർ പദവി എടുത്തശേഷം സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകുകയായിരുന്നു. ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകിയില്ലെങ്കിൽ ഇന്ത്യാസഖ്യം സ്പീക്കർ സ്ഥാനാർഥിയെ നിർത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. എൻഡിഎയും ഇന്ത്യാമുന്നണിയും ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.