ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടവും ആണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവിടരുതെന്ന് ഹേമ കമ്മിഷന്‍ അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അവര്‍ കൊടുത്ത കത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല. ആ കത്ത് പുറത്തുവരുമെന്ന് മുഖ്യമന്ത്രി കരുതിയില്ല. റിപ്പോര്‍ട്ട് പുറത്തു വിടുമ്പോള്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി ആവശ്യപ്പെട്ടത്. കമ്മിറ്റിയുടെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്ത മുഖ്യമന്ത്രി മാപ്പ് പറയണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 

ലൈംഗികപീഡനക്കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അത് ഈ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കുന്നതിനുള്ള തടസ്സവുമല്ല. പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട കാര്യം വരെ റിപ്പോര്‍ട്ടിലുണ്ട്. പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ട് അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്താല്‍ അതൊരു ക്രിമിനല്‍ കുറ്റമാണ്. നാലര വര്‍ഷം മുന്‍പ് ലഭിച്ച ഈ റിപ്പോര്‍ട്ട് വായിച്ച മുഖ്യമന്ത്രിയും സാംസ്‌കാരികവകുപ്പ് മന്ത്രിയും മുന്‍ മന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നല്ലല്ലോ പറഞ്ഞത്. അന്വേഷണം നടത്തേണ്ടേ. വാട്‌സാപ് സന്ദേശങ്ങളും മൊഴികള്‍ അടങ്ങുന്ന പെന്‍ഡ്രൈവുകളും അടക്കം ഇരകള്‍ കൊടുത്ത തെളിവുകള്‍ നാലരവര്‍ഷം സര്‍ക്കാരിന്റെ കൈയില്‍ ഇരിക്കുകയാണ്. എന്നിട്ടും ഒരു അന്വേഷണവും നടത്തിയില്ല. ഒരു കാരവന്‍ ഡ്രൈവര്‍ നടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയതായി പരാതി കൊടുത്തിട്ട് പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.

മൊഴിയും തെളിവുകളും ഉള്ള സാഹചര്യത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അന്വേഷണം സംഘം രൂപീകരിച്ച് നടപടി എടുക്കണം. വേട്ടക്കാര്‍ക്കെതിരെ പോരാടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാലരവര്‍ഷം വേട്ടക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വേണ്ടപ്പെട്ട പലരും ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ലൈംഗികചൂഷണം നടത്തിയ ആളുകളെക്കൂടി ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നടപടി എടുക്കാതിരിക്കാന്‍ നിയമപരമായ എന്തു തടസ്സമാണുള്ളതെന്നു പറയാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. കുറ്റം ചെയ്തവര്‍ എത്ര വലിയവരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ നിലപാടെന്നും സതീശന്‍ പറഞ്ഞു.

English Summary:

Hema Committee Report: V.D. Satheesan Demands Action, Accuses Kerala CM of Criminal Offense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com