‘ആവശ്യമായ ആ അകലം എത്ര?’: ഉത്തരം കിട്ടാതെ ഇടയുന്ന ആനച്ചോദ്യം; മറുപടിയില്ലാതെ സർക്കാരും

Mail This Article
കൊച്ചി ∙ എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിലും ആനകളും ജനങ്ങളും തമ്മിലുമുള്ള അകലമെത്ര? ‘ആവശ്യമായ അകലം’ എന്നാണ് 2012ലെ നാട്ടാന പരിപാലന ചട്ടത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് എത്രയെന്നു നിർവചിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തൊട്ടാകെ പൊതുവായ തീരുമാനമെടുക്കാൻ കഴിയില്ലെന്നും അതതു ജില്ലകളിലെ കലക്ടർമാർ അധ്യക്ഷരായ ജില്ലാ മേൽനോട്ട സമിതിയുടെ തീരുമാനത്തിന് ഇക്കാര്യം വിടുകയായിരിക്കും ഉചിതമെന്നുമാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ആന ഇടയുന്ന സംഭവങ്ങൾ വർധിച്ചതോടെ കോടതി ഉന്നയിച്ച ‘ആ അകലം എത്ര’ എന്ന ചോദ്യവും ഒപ്പം ആനയെ എഴുന്നള്ളിക്കുന്നതിന് നിർദേശിച്ചിരുന്ന മാർഗനിർദേശങ്ങളും വീണ്ടും ചർച്ചയായി.
2012ലെ നാട്ടാന പരിപാലന ചട്ടത്തിന്റെ അടിസ്ഥാനത്തിൽ എഴുന്നള്ളത്തിനും മറ്റുമായി ഹൈക്കോടതി കൊണ്ടുവന്ന മാർഗരേഖ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അപ്രായോഗികം എന്നു വ്യക്തമാക്കിയായിരുന്നു ഉത്തരവ്. നാട്ടാന പരിപാലനച്ചട്ടം പാലിച്ചിരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ആനകൾ തമ്മിലും മറ്റുമുള്ള അകലം എത്രയെന്നു ചട്ടത്തിൽ പറയുന്നില്ല. ഈ സാഹചര്യത്തിലാണ് ആ അകലം എത്രയാണ് എന്ന് നിർദേശിക്കാനും 2012ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ മാർഗരേഖ പുറത്തിറക്കാനും ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ഇക്കാര്യങ്ങൾ ജില്ലാ മേൽനോട്ട സമിതിയുടെ തീരുമാനത്തിന് വിടുന്നതായിരിക്കും നല്ലത് എന്ന് സർക്കാർ അറിയിച്ചതും.
ഭൂപ്രകൃതി, എഴുന്നള്ളിക്കുന്ന സ്ഥലത്തിന്റെ അവസ്ഥ, സ്ഥല ലഭ്യത, ആനകളുടെ എണ്ണം, വലുപ്പം, ജനക്കൂട്ടം, ആനയുടെ സ്വഭാവപ്രകൃതം, ആചാരത്തിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുവേണം സമിതി തീരുമാനമെടുക്കേണ്ടത്. ഉത്സവങ്ങൾ സുഗമമായും സുരക്ഷിതമായും നടത്തുന്ന കാര്യത്തിൽ നിയമപരമായ അധികാരമാണ് ജില്ലാ മേൽനോട്ട സമിതിക്കുള്ളത്. വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും മൃഗക്ഷേമത്തിനായി വാദിക്കുന്നവരും ബന്ധപ്പെട്ട മറ്റുള്ളവരും ഉൾപ്പെടുന്നതാണു സമിതി. ആനകൾ തമ്മിലുള്ള അകലം, ആനയും ജനങ്ങളും തമ്മിലുള്ള അകലം, തീവെട്ടിയുടെ അകലം, വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായുള്ള അകലം തുടങ്ങിയ കാര്യങ്ങൾ പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.

വിദഗ്ധർ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുമായി ജില്ലാ മേൽനോട്ട സമിതി ചർച്ച ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ഉത്സവാഘോഷങ്ങൾ ആരംഭിക്കുകയും ഏപ്രിൽ–മേയ് മാസങ്ങൾ വരെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആന എഴുന്നള്ളിപ്പും കൂടുതലാകും. ആനകൾക്ക് ആവശ്യമായ വിശ്രമവും തണല്‍ അടക്കമുള്ളവയും നൽകുന്ന കാര്യത്തിൽ ജില്ലാ സമിതിയുടെ തീരുമാനമാണ് അന്തിമമാവുക. നേരത്തേ ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടങ്ങളുടെ വിവരങ്ങൾ കോടതി ആരാഞ്ഞിരുന്നു.