ബംഗ്ലദേശിന് ചൈനയുടെ പിന്തുണ; ഉറപ്പു നൽകിയത് മുഹമ്മദ് യൂനുസ്– ഷി ചിൻപിങ് ചർച്ചയിൽ

Mail This Article
ബെയ്ജിങ് / ധാക്ക ∙ ബംഗ്ലദേശിലെ വ്യവസായ– വാണിജ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമങ്ങൾക്ക് ചൈന അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. 4 ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉറപ്പുനൽകിയത്. ബംഗ്ലദേശിലെ നിക്ഷേപം വർധിപ്പിക്കുമെന്നും ഷി പറഞ്ഞു.
സന്ദർശനം വൻവിജയം ആയിരുന്നുവെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. ചൈനയിലെ വിപണിയിൽ 2028 വരെ നികുതിയില്ലാതെ വ്യാപാരം നടത്താനുള്ള അനുമതി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. യൂനുസിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ചൈനയ്ക്കു മുൻപ് ഇന്ത്യ സന്ദർശിക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും അതിനുള്ള അനുമതി ലഭിച്ചില്ലെന്ന് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫിഖുൽ ആലം പറഞ്ഞു.