വെയര്‍ഹൗസ് ബോയ്, ഓഫിസ് ബോയ്.. കടക്കെണി.. ഫീനിക്സ് പക്ഷിയായ് ആല്ബിന്
Mail This Article
ഇടുക്കി പാമ്പനാറിലെ തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച ആല്‍ബിന്‍ ആന്റണി ഇന്ന് കൊച്ചിയിലെ ബ്രാന്‍ഡിങ് ആന്‍ഡ് ഡിസൈനിങ് രംഗത്തെ താരമാണ്. കടന്നു വന്ന വഴികള്‍ ആല്‍ബിന് എളുപ്പമായിരുന്നില്ല. 12ാം വയസ്സില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാനായി 16 കിലോമീറ്ററിലധികം പീരുമേട് മേലെഴുത കാട്ടിലൂടെയായിരുന്നു യാത്ര.സഹോദരിയുടെ സ്‌കോളര്‍ഷിപ്പ് തുക ഉപയോഗിച്ചായിരുന്നു പഠനം. ഇന്ന് വിജയക്കൊടി പാറിക്കുമ്പോഴും വന്ന വഴി മറക്കാന്‍ ആല്‍ബിന്‍ തയ്യാറല്ല.
കഷ്ടപ്പെട്ട ബാല്യം
ദരിദ്ര കുടുംബത്തില്‍ ജനിച്ച ആല്‍ബിന്‍ ആന്റണിയെന്ന കുട്ടിയെ സംബന്ധിച്ച് കംപ്യൂട്ടര്‍ ഒരു കിട്ടാക്കനിയായിരുന്നു. കിലോമീറ്ററുകൾ അകലെ ഉള്ള ഒരു പരിചയക്കാരന്റെ കമ്പ്യൂട്ടർ സെന്റർ ആയിരുന്നു ആദ്യത്തെ പാഠശാല. അവിടുത്തെ തിരക്കുകൾ ഒഴിയാൻ കാത്തു നിൽക്കുമായിരുന്നു, കംപ്യൂട്ടറിനെ ഒന്ന് അടുത്ത അറിയാൻ.
ചിത്രരചനയിലെ വൈഭവം, ചുമരുകളിലും പഴയ പേപ്പര്‍ കഷ്ണങ്ങളിലും ഗ്ലാസുകളിലുമെല്ലാം കോറിയിട്ടു. സ്കൂളിലെ മത്സരങ്ങളിൽ ചിത്രരചനയില്‍ തിളങ്ങി. പഠനത്തില്‍ മിടുക്കിയായിരുന്ന സഹോദരി പെട്ടി നിറയെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി കൂട്ടിയപ്പോള്‍, ആൽബിൻ നേടിയത് ഒരേയൊരണ്ണം; പീരുമേട്ടില്‍ 700 പേര്‍ പങ്കെടുത് ചിത്രരചനാ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരന്റെ സര്‍ട്ടിഫിക്കറ്റ്.
ജോലിക്കായി കൊച്ചിയിലേക്ക്
പതിനെട്ടാം വയസിലാണ് ആല്‍ബിന്‍ ആന്റണി എന്ന യുവാവ് കരിയര്‍ കെട്ടിപ്പടുക്കുന്നതിനും തനിക്കിഷ്ടപ്പെട്ട കംപ്യൂട്ടറില്‍ ഒരുപാട് സമയം ചെലവഴിക്കാമെന്ന സ്വപ്നവുമായി ഗ്രാഫിക് ഡിസൈനര്‍ തസ്തിക ലക്ഷ്യമിട്ട് കൊച്ചിയില്‍ എത്തുന്നത്. ജോലി കിട്ടിയത് ഒരു പ്രമുഖ കമ്പനിയുടെ ഗോഡൗണില്‍.
ആദ്യം ലഭിച്ച ജോലി, കമ്പനി വിപണിയിൽ പുതുതായി ഇറക്കുന്ന ഉത്പന്നങ്ങളിൽ നിസാര തകരാറുകൾ കാരണം തിരികെ കൊണ്ട് വരുന്നവയെ തരംതിരിക്കുക എന്നതായിരുന്നു. നാട്ടിലും വീട്ടിലും ചെയ്തിരുന്ന ഇലക്ട്രിക്കല്‍ ജോലികളുടെ വിശ്വാസത്തില്‍ ആല്‍ബിന്‍ ജോലി ആരംഭിച്ചു.
നിരാശനാകാതെ കഠിനാധ്വാനത്തിലൂടെയും ആത്മാര്‍ത്ഥതയിലൂടെയും അവന്‍ കമ്പനിക്ക് പ്രിയപ്പെട്ടവനായി മാറി. ഒരു വര്‍ഷം കാത്തിരുന്ന് ഗോഡൗണില്‍ നിന്നും കമ്പനിയുടെ അകത്ത് കയറി. ഓഫീസ് ബോയ് ആയി മാറി. സ്വന്തം ശ്രമം കൊണ്ട് അറിവ് നേടിയും കഠിനാധ്വാനം കൊണ്ടും കമ്പനിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നും തന്റെ കഴിവിലൂടെ മുന്നേറി.
സ്വയം പഠനം കരുത്തേകി
അച്ഛന്റെ മരണ ശേഷം അമ്മ തേയില തോട്ടത്തിലെ ജോലിയിലൂടെയാണ് ആല്‍ബിനെയും സഹോദരിയെയും പഠിപ്പിച്ചിരുന്നത്. എന്നാല്‍ അമ്മയ്ക്ക് ജോലി നഷ്ടപ്പെട്ടതോടെ കൊച്ചിയിലെ ഒരു മഠത്തിലെ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു ഈ സമയമെല്ലാം. അമ്മയെ എത്രയും വേഗം കൂടെ നിര്‍ത്തണമെന്ന ആഗ്രഹത്തില്‍ ജോലിയില്‍ ആല്‍ബിന്‍ ആത്മാർഥമായി പരിശ്രമിച്ചു.
കംപ്യൂട്ടറിനോടും ചിത്രരചനയോടും ഉണ്ടായിരുന്ന തീവ്രമായ ആഗ്രഹമാണ് ആല്‍ബിന്‍ ആന്റണി എന്ന ചെറുപ്പക്കാരനെ ഡിസൈനിങില്‍ സ്വന്തം അധ്യാപകനാക്കി മാറ്റിയത്. അപ്രതീക്ഷിതമായി വന്ന അവസരങ്ങൾ കൃത്യമായി വിനിയോഗിച്ച് മള്‍ട്ടി നാഷണല്‍ കമ്പനികളോട് കിടപിടിക്കുന്ന ഡിസൈനുകള്‍ തീര്‍ത്തു. സാധാരണക്കാരനായ ആല്‍ബിന്‍ തന്റെ ജീവിതത്തിൽ സ്വയം മാന്ത്രികനായി.
ഇതിനിടെ ജോലി ചെയുന്ന കമ്പനിയിൽ പുതിയ ഉത്പന്നത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്യുന്നതിനായി കൊച്ചിയിലെ പല പ്രമുഖ പരസ്യ സ്ഥാപനങ്ങളെയും സമീപിച്ചുവെങ്കിലും അവര്‍ ദിവസങ്ങള്‍ നീട്ടി. രണ്ട് ആഴ്ചയിലേറെ നീണ്ടതോടെ തനിക്ക് ഡിസൈന്‍ ചെയ്യാൻ കഴിയുമെന്ന് ആൽബിൻ മാനേജറെ അറിയിച്ചു. ഓഫീസില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ പോലും ഇല്ലാതിരുന്ന ആല്‍ബിന് സഹപ്രവര്‍ത്തകര്‍ അവരുടെ ജോലിക്ക് ശേഷം കമ്പ്യൂട്ടര്‍ വിട്ടു നല്‍കി. ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമായ സോഫ്ട് വെയറും ഇല്ലായിരുന്നത് വെല്ലുവിളിയായിരുന്നു. ദൃഢ നിശ്ചയവും പരിശ്രമവും കൊണ്ട് അവയെല്ലാം പരിഹരിച്ച് ഉത്പനത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തു.
വിജയങ്ങള്‍ തുടങ്ങുന്നു
മാനേജ്മെന്റിന് ഡിസൈന്‍ ഇഷ്ടപ്പെട്ടതോടെ ആല്‍ബിന്റെ ജീവിതം നേര്‍ദിശയില്‍ സഞ്ചരിച്ച് തുടങ്ങി. ഓഫീസ് സമയത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പ് എത്തുകയും വൈകുന്നേരം കൂടുതല്‍ സമയം ചെലവഴിച്ചും ഡിസൈനിങ്ങ് പഠിക്കാന്‍ തുടങ്ങി. നാഷണല്‍ ഏജന്‍സികള്‍ നല്‍കുന്ന ഡിസൈനിനൊപ്പം ആല്‍ബിനും കമ്പനിക്ക് വേണ്ടി ഡിസൈനുകള്‍ നല്‍കി.
ആല്‍ബിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന കമ്പനി മുന്‍കൈ എടുത്ത് വിഷ്വല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ കോഴ്സിന് ചേര്‍ത്തു. വിദൂര പഠനത്തിലും ഉയര്‍ന്ന മാര്‍ക്കോടെ പാസായ ആല്‍ബിന്‍ കമ്പനിയുടെ ആദ്യ ഓഫീഷ്യല്‍ ഡിസൈനറായി. പുറത്തേയ്ക്ക് കൊടുത്തിരുന്ന പല പ്രധാന ഡിസൈനുകളും പിന്നീട് ചെയ്തത് ആല്‍ബിനാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്ന് ആർജിച്ച പാഠങ്ങളും അറിവുമായി കരിയറിന്റെ പുതിയ വാതിലുകൾ തുറക്കുന്നത് ഏണസ്റ്റ് ആന്‍ഡ് യങില്‍ ജോലിയില്‍ പ്രവേശിച്ചു കൊണ്ടാണ്. നാല് വർഷങ്ങൾക്ക് അപ്പുറം ഏണസ്റ്റ് ആന്‍ഡ് യങില്‍ നിന്ന് ഇറങ്ങുമ്പോൾ പുതിയൊരു സംരംഭം തുടങ്ങാനുള്ള ആശയം മനസിൽ ഉണർന്നിരുന്നു.
പതനത്തിലൂടെ വിജയത്തിലേക്ക്
സിഎന്‍എം എന്ന് പേരിട്ട കമ്പനി അങ്ങനെ വീടിന്റെ ചെറിയ മുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് കഠിനാധ്വാനത്തിന്റെ നാളുകൾ ആയിരുന്നു. ആരംഭിക്കുമ്പോൾ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്. വീടിന്റെ മുറിയില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നാളുകള്‍ക്കകം കാത്തിരുന്നത് വലിയ കടങ്ങളായിരുന്നു. ജീവനക്കാരുടെ ശമ്പളവും വീട്ടുചെലവുകളുമെല്ലാം പ്രതിസന്ധിയിലാഴ്ത്തി. ബാങ്കില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ഭീഷണി തുടങ്ങി. തന്റെയും ജീവനക്കാരുടെയും സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ തനിക്ക് കഴിയാതെ പോകുമോ എന്ന സങ്കടത്തിലും അപമാനഭാരത്തിലും ആല്‍ബിന്റെ തല താഴ്ന്നു, കണ്ണുകള്‍ നിറഞ്ഞൊഴുകി... പല രാത്രികളിലും ഉറക്കം നഷ്ടപെട്ട്, മുറ്റത്ത് നടന്നു നേരം വെളുപ്പിച്ചു.
എന്നാൽ അതിൽ ഒന്നും തളരാൻ ആൽബിൻ തയ്യാറായിരുന്നില്ല. തന്റെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു പറന്നു.
തന്റെ യുണീക് ഡിസൈനുകള്‍ കൊണ്ടും, ആത്മാര്‍ത്ഥതയും സമയനിഷ്ഠയോടും കൂടിയ പ്രവർത്തനം കൊണ്ടും ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്തി. ആല്‍ബിന്‍ പോറ്റമ്മയായി കണക്കാക്കുന്ന ആദ്യ കമ്പനിയുടെ അടക്കം പല കമ്പനികളുടെയും വര്‍ക്കുകള്‍ സ്ഥിരമായി. വേറിട്ട മികച്ച ഡിസൈനുകള്‍ കൊണ്ട് ആ ചെറുപ്പക്കാരന്‍ തന്റെ വിധി സ്വയം മാറ്റി എഴുതി.
സി.എന്‍.എം. എന്ന സ്ഥാപനം ആരംഭിച്ച് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രധാന വര്‍ക്കുകള്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. മുപ്പതിലധികം ജീവനക്കാരുളള മികച്ച ബ്രാന്‍ഡിങ് ആന്‍ഡ് ഡിസൈനിങ് സ്ഥാപനമായി വളർന്നിരിക്കുന്നു.