ADVERTISEMENT

ചുവന്ന അണ്ണാന്മാര്‍ മനുഷ്യരുമായി കൂടുതല്‍ അടുത്ത് കഴിയുന്നത് മധ്യകാല ഇംഗ്ലണ്ടില്‍ സ്വാഭാവികമായിരുന്നു. വസ്ത്രങ്ങള്‍ നിര്‍മിക്കാനായി ഇവയുടെ രോമങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവയെ ഇംഗ്ലീഷുകാര്‍ ഓമന മൃഗങ്ങളായും വളര്‍ത്തിയിരുന്നു. ഈ അണ്ണാനുകളിലൂടെയാണ് മധ്യകാലഘട്ടത്തിലെങ്കിലും ഇംഗ്ലണ്ടിൽ  മനുഷ്യരിലേക്ക് കുഷ്ഠരോഗം പടര്‍ന്നതെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. 

മനുഷ്യരിലാണോ അണ്ണാനിലാണോ ഈ രോഗാണു ആദ്യം ഉടലെടുത്തതെന്ന് വ്യക്തമല്ല. എന്നാല്‍ ഇരു ജീവി വര്‍ഗങ്ങളിലൂടെയും സഞ്ചരിച്ച് ജനിതകമാറ്റങ്ങള്‍ സംഭവിച്ചാണ് അപകടകാരിയായ കുഷ്ഠരോഗം ഉണ്ടായതും മനുഷ്യരിലേക്കെത്തിയതെന്നുമാണ് കണ്ടെത്തല്‍. ഇംഗ്‌ളണ്ടിലെ വിന്‍ചെസ്റ്ററില്‍ ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിലാണ് കുഷ്ഠരോഗം മനുഷ്യരിലേക്കെത്തിയത്. 

പക്ഷിപനിയുടേയും കോവിഡിന്റേയും വ്യാപനത്തോടെയാണ് മറ്റു ജീവികളില്‍ നിന്നും മനുഷ്യരിലേക്ക് രോഗാണുക്കള്‍ എത്തുന്നതിന്റെ ഭീകരത കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത്. രോഗവാഹകരെന്ന നിലയില്‍ വവ്വാലുകള്‍ക്ക് ദുഷ്‌പേര് സമ്മാനിച്ചവയാണ് നിപയും കോവിഡുമെല്ലാം. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ മനുഷ്യരിലേക്ക് ഇത്തരം അപകടകാരികളായ രോഗാണുക്കള്‍ എത്തുകയും വലിയ തോതില്‍ നാശം വരുത്തുകയും ചെയ്തിട്ടുണ്ടെന്നിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  'ജന്തുജാലങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പല രോഗാണുക്കളുമെത്തിയതിന് തെളിവുകളുണ്ട്. കുഷ്ഠരോഗത്തിന്റെ ചരിത്രം രോഗാണുവാഹകരെന്ന നിലയില്‍ ചുവന്ന അണ്ണാന്മാരുടെ കൂടി ഉള്‍പ്പെടുത്താതെ പൂര്‍ണമാവില്ല' സ്വിറ്റ്‌സര്‍ലണ്ടിലെ യൂനിവേഴ്‌സിറ്റി ഓഫ് ബാസലിലെ ആര്‍കിയോളജിസ്റ്റ് വെരേന ഷുനെമന്‍ പറഞ്ഞു. 

lab - 1

ചുവന്ന അണ്ണാന്മാരുടെ രോമം ഉപയോഗിച്ച് തുണി നിര്‍മിക്കുന്നതില്‍ പ്രസിദ്ധമായിരുന്നു മധ്യകാല ഇംഗ്ലണ്ടിലെ വിന്‍ചെസ്റ്റര്‍ നഗരം. ഇവിടെ നിന്നാണ് 11-15 നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായി കുഷ്ഠരോഗം റിപ്പോര്‍ട്ടു ചെയ്യുന്നതും. അന്നത്തെ വിന്‍ചെസ്റ്ററിലെ അണ്ണാനുകളിലും മനുഷ്യരിലും ഒരേ പോലെ കുഷ്ഠരോഗത്തിന് കാരണമായ മൈക്രോബാക്ടീരിയം ലെപ്രേ ഇനത്തില്‍ പെട്ട രോഗാണുക്കള്‍ കണ്ടു വന്നിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങളില്‍ നിന്നും ശേഖരിച്ച 25 അസ്ഥികളില്‍ നടത്തിയ ജനിതക പഠനങ്ങളാണ് കുഷ്ഠരോഗത്തിന്റെ തെളിവുകളായത്. വിന്‍ചെസ്റ്ററിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്ര വീഥിയായ സ്റ്റാപിള്‍ ഗാര്‍ഡന്‍സില്‍ നിന്നും ശേഖരിച്ച ചുവന്ന അണ്ണാന്മാരുടെ ഭൗതികാവശിഷ്ടങ്ങളും പഠനത്തിനുപയോഗിച്ചു. 12 അണ്ണാന്മാരുടെ അവശിഷ്ടങ്ങളിലൊന്നിലാണ് കുഷ്ഠരോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. 

creta-nline–price - 1

അമേരിക്കയില്‍ കണ്ടുവരുന്ന ആര്‍മഡില്ലോ, പശ്ചിമാഫ്രിക്കയിലെ ചിമ്പാന്‍സി എന്നിവയിലും കുഷ്ഠരോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും കുഷ്ഠരോഗാണു ആദ്യം കണ്ടെത്തിയ ജീവിയാണ് ചുവന്ന അണ്ണാനെന്ന് ജനിതക പഠനങ്ങളില്‍ നിന്നും ഉറപ്പിക്കാനായെന്ന് പഠനത്തിന്റെ ഭാഗമായ വെരേന ഷുനെമന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യരില്‍ നാഡികളുടെ ക്ഷതത്തിനും കാഴ്ച്ചയും മണവും നഷ്ടമാവുന്നതിനും മുടി കൊഴിച്ചിലിനുമെല്ലാം കാരണമാവുന്ന ഈ രോഗാണു ചികിത്സിച്ചില്ലെങ്കില്‍ ശരീരഭാഗങ്ങള്‍ തന്നെ നഷ്ടമാവുന്നത്രയും ഗുരുതരമായി മാറുകയും ചെയ്യുന്നു. 

ഒരു ജീവി വര്‍ഗത്തില്‍ നിന്നും മറ്റൊന്നിലേക്കെത്തുന്ന രോഗാണുവിന് ജനിതക മാറ്റം സംഭവിക്കുകയും കൂടുതല്‍ ഗുരുതരമായ രോഗാണുവായി മാറുന്നതുമാണ് ഇത്തരം രോഗങ്ങളെ പ്രധാന വെല്ലുവിളിയാക്കി മാറ്റുന്നത്. എപ്പോഴാണ് ജീവിവര്‍ഗങ്ങള്‍ക്കിടയില്‍ രോഗാണുക്കളുടെ കൈമാറ്റം നടന്നതെന്ന വിവരങ്ങള്‍ ഇത്തരം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും നിര്‍മാര്‍ജനം ചെയ്യാനും ഏറെ സഹായിക്കും. കറന്റ് ബയോളജി ജേണലിലാണ് ഈ പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

English Summary:

According to a new study, at least in medieval England, red squirrels might have played a role in this

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com