ഐഷർ മോട്ടോഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇരുചക്രവാഹന നിർമാതാവ് ആണ് റോയൽ എൻഫീൽഡ്. 1901 ൽ സ്ഥാപിതമായ വോർസെസ്റ്റർഷെയറിലെ റെഡ്ഡിച്ചിലാണ് റോയൽ എൻഫീൽഡ് സ്ഥാപിതമാകുന്നത്.1901-ലാണ് ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ നിർമ്മിച്ചത് . ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ഇപ്പോഴും നിർമിക്കുന്ന മോട്ടോർസൈക്കിൾ മോഡലായ റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ രൂപകൽപ്പനയും യഥാർത്ഥ നിർമാണവും എൻഫീൽഡ് സൈക്കിൾ കമ്പനിയാണ്. 1952 ലാണ് റോയൽ എൻഫീല്‍ഡ് ബുള്ളറ്റ് ഇന്ത്യയിലെത്തുന്നത്. 1955 ൽ എൻഫീൽഡും മദ്രാസ് മോട്ടോഴ്സും ചേർന്ന് എൻഫീൽഡ് ഇന്ത്യ സ്ഥാപിച്ചു. 1971 ൽ ബ്രിട്ടനിലെ റോയൽ എൻഫീൽഡ് കമ്പനി നിർമാണം അവസാനിപ്പിച്ചെങ്കിലും ഇന്ത്യയിൽ ബുള്ളറ്റുകളുടെ നിർമാണം തുടർന്നു. 1994 ൽ ഐഷർ ഗ്രൂപ്പിന്റെ ഭാഗമായി മാറിയ റോയൽ എൻഫീൽഡ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം ഇരുചക്രവാഹനങ്ങൾ നിർമിക്കുന്ന കമ്പനികളിലൊന്നാണ്.