കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് തൊഴിൽ വൈദഗ്ധ്യം സ്വയം നേടാനുള്ള വഴികൾ
Mail This Article
ലോകവുമായി ബന്ധപ്പെടാനുള്ള ഇന്റർനെറ്റ് എന്ന സംവിധാനം നമുക്കുള്ളപ്പോൾ ‘കോവിഡ് വെല്ലുവിളി’കളൊന്നും കുട്ടികൾക്ക് ബാധകമാവേണ്ട കാര്യമില്ല. അടിസ്ഥാനപരമായ കോളജ് - എൻജിനീയറിങ് - പ്രഫഷനൽ വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികളുടെ അഭിരുചി തിരിച്ചറിഞ്ഞാൽ, അവർക്ക് ആവശ്യമായ കഴിവുകൾ ഏതൊക്കെയാണെന്നും അവ എങ്ങനെ ആർജ്ജിക്കണമെന്നും കണ്ടെത്തുകയാണ് അടുത്ത ഘട്ടം. അതിനുവേണ്ടി സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളാണ് താഴെ.
1. ഗൂഗിൾ സെർച്ചിലൂടെ ലോകത്തെ പ്രധാനപ്പെട്ട 25 വ്യവസായ മേഖലകൾ കണ്ടെത്തി ഒരു പട്ടിക തയാറാക്കുക (ഉദാഹരണം- ബാങ്കിങ്, ഐടി, ഹെൽത്ത്കെയർ മുതലായവ)
2. പട്ടികയിലുള്ള ഓരോ വ്യവസായ മേഖലയിലെയും ടോപ് 10 കമ്പനികൾ ഗൂഗിൾ സെർച്ചിലൂടെ കണ്ടെത്തുക
3. ടോപ് 10 ലിസ്റ്റിലുള്ള ഓരോ കമ്പനിയുടെയും പ്രതിവാര ഗൂഗിൾ അലേർട്ടുകൾ നിങ്ങൾക്കു ലഭിക്കാനുള്ള സംവിധാനമുണ്ടാക്കുക. (നമുക്ക് താത്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അത് സമാഹരിച്ച് നിരന്തരം ഇമെയിലിൽ ലഭ്യമാക്കുന്ന സൗജന്യ സേവനമാണ് ഗൂഗിൾ അലേർട്). മുഖ്യധാര വ്യവസായങ്ങളിൽ നിന്നുള്ള മികച്ച കമ്പനികളുടെ വാർത്തകൾ സ്ഥിരമായി പിന്തുടരുന്നത് വിവിധ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, വ്യവസായ രീതികൾ, വെല്ലുവിളികൾ, സാധ്യതകൾ എന്നിവ അറിയാൻ സഹായിക്കും. ഇതു നിങ്ങളുടെ ഇഷ്ടമേഖലയിൽ കരിയർ തിരഞ്ഞെടുക്കാനും ജോലിക്ക് തയ്യാറെടുക്കാനും നിങ്ങളെ സഹായിക്കുന്നു.
4. ട്രെൻഡിങ് വിഷയങ്ങളിലും താത്‌പര്യമുള്ള സബ്ജക്ടുകളിലും ഗൂഗിൾ അലേർട്ടുകൾ സൃഷ്ടിക്കുക (ഉദാഹരണം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആൾട്ടർനേറ്റ് എനർജി മുതലായവ). വായന കർശനമായി പിന്തുടരുക, ഇതുവഴി വിവിധ വ്യവസായ രംഗങ്ങളിലെ നൂതനമായ കാര്യങ്ങൾ പിന്തുടരുക.
5. ഇന്റർനെറ്റ് ഒരു ലോകോത്തര യൂണിവേഴ്സിറ്റിയായി പ്രയോജനപ്പെടുത്തുക. കോളജ് വിദ്യാഭ്യാസ സമയത്ത തന്നെ ഗൂഗിളിലും യൂട്യൂബിലുമുള്ള സ്വാധ്യായ നിർദേശങ്ങൾ ഉപയോഗിച്ച് സമാന്തര സ്വയം പഠനവും നടത്തുക. പുതിയ വിഷയങ്ങളിലുള്ള ഓൺലൈൻ ചർച്ചാ ഗ്രൂപ്പുകളിൽ സജീവമായി പങ്കെടുക്കുക. പ്രഫഷനലായി ലിങ്ക്ഡിൻ പ്രൊഫൈൽ ഉപയോഗിക്കുക. മാറി വരുന്ന അത്യാധുനിക വിഷയങ്ങളെ അടിസ്ഥാനമാക്കി ചർച്ചകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുന്ന ലിങ്ക്ഡിൻ ഗ്രൂപ്പുകളിൽ അംഗമാവുക, പങ്കെടുക്കുക, ഫോളോ ചെയ്യുക. വിവിധ വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രധാന കമ്പനികളെ ഫോളോ ചെയ്യുക. പ്രഫഷനലുകളുമായി നെറ്റ്‌വർക്ക് ചെയ്യുക. താത്പര്യമുള്ള പ്രഫഷനൽ വിഷയങ്ങളിൽ ബ്ലോഗുകൾ പ്രസിദ്ധീകരിക്കുക. തൊഴിലവസരങ്ങൾ മനസിലാക്കുക.
6. കഴിവുകളുടെ നിലവാരമുയർത്താനും നൈപുണ്യം നേടാനും ഉതകുന്ന ഓൺലൈൻ കോഴ്സുകൾ പ്രയോജനപ്പെടുത്തുക. ഇന്റേൺഷിപ് അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. സ്റ്റാർട്ടപ് ആശയങ്ങൾ പരീക്ഷിച്ചു നോക്കുക.
7. ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം നേടുക. ഉയർന്ന ഡിഗ്രിയും മാർക്കുമില്ലെങ്കിലും തൊഴിൽ സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന നൈപുണ്യമാണ് ഇംഗ്ലിഷ് ഭാഷാ വാക്ചാതുര്യം. സമകാലിക വാർത്തകളും സംവാദ - സംഭാഷണ - ചർച്ചാ രീതികളും വാക്കുകളുടെ ഉച്ചാരണ രീതികളും ശ്രദ്ധിക്കുക, മനസ്സിലാക്കുക. ഇംഗ്ലിഷ് സിനിമകൾ കാണുക. ഇംഗ്ലിഷ് നോവലുകളും പുസ്തകങ്ങളും (ഫിക്‌ഷൻ & നോൺ ഫിക്‌ഷൻ) വായിക്കുക. യൂട്യൂബിൽ ഇംഗ്ലിഷ് ട്യൂട്ടോറിയൽ വിഡിയോ കാണുക. മേൽപ്പറഞ്ഞ പ്രവൃത്തികൾ ചെയ്യുമ്പോൾ ഒരു ഡിക്‌ഷണറി എപ്പോഴും കയ്യിൽ കരുതി വാക്കുകളുടെ അർഥവും സമാനാർഥമുള്ള വാക്കുകളും പഠിക്കുക. പരസ്പരം ഇംഗ്ലിഷിൽ സംസാരിക്കാനും ഗ്രൂപ്പ് ചർച്ചകൾ നടത്താനുമൊക്കെ താത്പര്യമുള്ള കൂട്ടായ്മകൾ / ഫ്രണ്ട്ഷിപ് രുപീകരിച്ച് നിരന്തരം ഇംഗ്ലിഷ് ഭാഷയിൽ സംസാരിക്കുക. തെറ്റു പറ്റുമെന്നുള്ള ഭയമോ അപകർഷതാ ബോധമോ ചമ്മലോ മറ്റുള്ളവർ കളിയാക്കുമെന്നോ ഉള്ള ചിന്തകൾ പാടേ ഉപേക്ഷിക്കുക. താത്പര്യമുള്ള വിവിധ വിഷയങ്ങൾ തിരഞ്ഞെടുത്ത് അവയെ പറ്റി ചെറിയ ഗവേഷണം നടത്തി അറിവ് നേടിയ ശേഷം വീടിന്റെ ടെറസിലോ മുറ്റത്തോ പറമ്പിലോ നിന്ന് ചെടികളോടും മരങ്ങളോടുമൊക്കെ വലിയ സദസ്സായി അഭിസംബോധന ചെയത് ഇംഗ്ലിഷിൽ സംസാരിച്ച് പരിശീലിക്കുക. ഇംഗ്ലിഷ് ഭാഷയിൽ മാത്രം 'ചിന്തിക്കുക'. മലയാളം ഇംഗ്ലിഷിലേക്ക് പരിവർത്തനം ചെയ്ത് ഇംഗ്ലിഷ് ഭാഷ പഠിച്ച് ശീലിക്കരുത്. രാജ്യാന്തര നിലവാരത്തിലുള്ള ലളിതമായ ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്ന സ്വദേശികളും വിദേശികളുമായവരുടെ വിഡിയോകൾ കാണുക, അങ്ങനെയുള്ളവരുമായി സമ്പർക്കം പുലർത്തുക. ട്രെയിനിങ് ചെയ്യാൻ പ്രായോഗികമായ, യഥാർഥമായ സ്കിൽ ഡെവലപ്മെന്റ് പ്രവൃത്തികൾ പറഞ്ഞു തരുന്നവരെ ഫോളോ ചെയ്യുക. മലയാള ഭാഷയുടെ സംസാര - ഉച്ചാരണ (മല്ലു അക്‌സെന്റ്) രീതികൾ ഇംഗ്ലിഷ് സംസാരിക്കുമ്പോൾ സ്വാധീനിക്കാതെ ശ്രദ്ധിക്കുക.
വിവിധ സബ്ജക്ടുകൾ കോളജിൽ പഠിക്കുന്നതുപോലെ ദിവസവും ഒരു മണിക്കൂർ മേൽപ്പറഞ്ഞ സെൽഫ് ലേണിങ് പ്രവൃത്തികൾക്കായി സമയ ക്രമീകരണം നടത്താവുന്നതാണ്. ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം നേടാനും ഇത് സഹായകമാവും. ക്ഷമ, ദീർഘവീക്ഷണം, അപ്രധാനമായ പ്രലോഭനങ്ങളെ നിരാകരിക്കാനുള്ള മനക്കരുത്ത്, ആത്മസമർപ്പണം, സ്ഥിരത എന്നിവയാണ് പ്രധാനമായും ഇങ്ങനെയുള്ള പഠനശീലത്തിന് വേണ്ടുന്ന സ്വഭാവഗുണങ്ങൾ. ഇന്നത്തെ തൊഴിൽശക്തിയ്ക്കായി ശരിയായ കഴിവുകൾ നേടുന്നതിനപ്പുറം ഉദ്യോഗാർഥികൾ വളരെ വേഗം മാറി വരുന്ന കരിയർ അനിശ്ചിതത്വങ്ങളേയും മാറ്റങ്ങളെയും അഭിമുഖീകരിക്കാൻ സന്നദ്ധരാവുകയും വേണം.
മേൽപ്പറഞ്ഞ ടിപ്സ് ആർക്കൊക്കെ പ്രയോജനം ചെയ്യും
1. വിദ്യാർഥികൾ
∙ അവരവരുടെ അഭിലാഷങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനവിഷയം തിരഞ്ഞെടുക്കാം.
∙ തൊഴിലുകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പായി കരിയർ ചോയിസുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാം.
∙ തൊഴിൽ അപേക്ഷകൾക്കും ഇന്റർവ്യൂകൾക്കും മെച്ചപ്പെട്ട രീതിയിൽ തയാറാകാം.
2. മാതാപിതാക്കൾ, അധ്യാപകർ, കരിയർ കൗൺസിലർമാർ
∙ വിവിധ വ്യവസായ മേഖലകളും തൊഴിൽ സാധ്യതകളും മനസ്സിലാക്കാം.
∙ തൊഴിലവസരങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ, തൊഴിലുടമകൾ ആവശ്യപ്പെടുന്ന തൊഴിൽ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാം.
∙ ആവശ്യമുള്ള പ്രീ-എംപ്ലോയ്മെന്റ് പരിശീലനത്തിലൂടെ വിദ്യാർഥികൾക്ക് ഗുണപരമായ ഉപദേശങ്ങൾ നൽകാം.
3. ഉദ്യോഗാർഥികൾ
∙ വ്യവസായ മേഖലകൾ, തൊഴിൽ സാധ്യതകൾ, ഉയർന്നു വരുന്ന തൊഴിലവസരങ്ങൾ, ആവശ്യമുള്ള കഴിവുകൾ, എന്നിവ മനസ്സിലാക്കാം.
∙ തൊഴിലവസര / ജോലിസാധ്യത, തൊഴിൽ സന്ദർഭം, വിവിധ മേഖലകളിലെ തൊഴിൽ ദാതാവ് ആവശ്യപ്പെടുന്ന തൊഴിൽ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.
∙ ഒരു കരിയർ തിരഞ്ഞെടുപ്പ് അല്ലെങ്കിൽ തൊഴിൽ മാറ്റം ഉറപ്പിക്കുന്നതിന് മുൻപായി അഭിലാഷവും സാധ്യതകളും, അവസരങ്ങളും വിലയിരുത്തി തീരുമാനമെടുക്കാം.
∙ ജോലിയുടെ ഭാവി കണക്കാക്കി തൊഴിൽ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങൾ വിലയിരുത്താം.
∙ മാറി വരുന്ന തൊഴിൽ ആവശ്യങ്ങളും നൈപുണ്യവും അടിസ്ഥാനമാക്കി അനുയോജ്യമായ പരിശീലന പരിപാടികൾ കണ്ടെത്താം.
4. പരിശീലനദാതാക്കൾ
∙ തൊഴിലുടമകൾക്കും ഉദ്യോഗാർഥികൾക്കും പഠിതാക്കൾക്കും പ്രയോജനപ്രദമാവുന്ന പാഠ്യപദ്ധതി രൂപകൽപന ചെയ്യുകയും പരിശീലന പരിപാടികൾ നവീകരിക്കുകയും ചെയ്യാം.
∙ വ്യവസായ മേഖലകളിലെ ട്രെൻഡുകളും മികച്ച നിലവാരവും ഉയർന്നുവരുന്ന കഴിവുകളുടെ ആവശ്യകതയും മനസ്സിലാക്കി മെച്ചപ്പെട്ട ഉൾക്കാഴ്ചകൾ നേടാം.
∙ കമ്പനികളുടെ ഉൽപാദനക്ഷമതയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള ജോലി പുനർരൂപകൽപ്പന ചെയ്യുന്ന പദ്ധതികൾ പോലെ സമഗ്ര നൈപുണ്യ വികസന പരിശീലന പരിപാടികൾ വികസിപ്പിക്കാം.
Unlearn, Re-learn & Upgrade your skills!
(മുൻ ജൂനിയർ ദേശീയ ഫുട്ബോൾ താരവും കോർപ്പറേറ്റ് 360 എന്ന ഐടി കമ്പനിയുടെ സിഇഒ യുമാണ് ലേഖകൻ)