ADVERTISEMENT

ഭൂമിയിൽ ഇന്നു കാണുന്ന ജൈവ ആവാസവ്യവസ്ഥ രൂപപ്പെടുന്നതില്‍ ഓസോണ്‍ പാളിക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. മനുഷ്യരുള്‍പ്പടെയുള്ള ജീവികള്‍ക്കും, സസ്യജാലങ്ങള്‍ക്കും ഹാനികരമായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ തടഞ്ഞു നിര്‍‍ത്തുക എന്ന ദൗത്യം നിര്‍വഹിക്കുന്നത് ഈ ഓസോണ്‍ പാളിയാണ്. എന്നാല്‍ ഓസോണ്‍ പാളിയില്ലെങ്കിലും ഭൂമിയില്‍ അതിജീവിക്കാന്‍ സാധിക്കുന്ന ഒരു ജീവിയുടെ കഴിവ് കണ്ടെത്തിയിക്കുകയാണ് ഗവേഷകർ. ശാസ്ത്രലോകത്തിന് നിരന്തരമായ അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന ഈ ജീവി അടുത്തിടെ അണുവിസ്ഫോടനത്തിന്‍റ റേഡിയേഷനെ അതിജീവിക്കാനുള്ള കഴിവ് തെളിയിച്ച് ശ്രദ്ധ നേടിയിരുന്നു. ടാര്‍ഡിഗ്രേഡ് എന്ന അതേ സൂക്ഷ്മജീവിക്കാണ് അള്‍ട്രാ വയലറ്റ് റേഡിയേഷനും ഒരു പ്രശ്നമല്ലെന്നു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സൂപ്പര്‍ല പവറുകളുടെ കേന്ദ്രം

 Tardigrades survive deadly radiation by glowing in the dark

അള്‍ട്രാവയലറ്റ് റേഡിയേഷനെ അതിജീവിക്കാന്‍ സാധിക്കുമെന്ന് കേള്‍ക്കുമ്പോള്‍ അത് നേരിയ തോതിലുള്ള ആഘാതത്തെ അതിജീവിക്കുന്ന കാര്യമാണെന്ന് കരുതരുത്. അത്യന്തം അപകടകരമായ തോതിലുള്ള അള്‍ട്രാവയലറ്റ് റേഡിയേഷന്‍ പോലും ഇവയ്ക്ക് ഇളം വെയില്‍ കൊള്ളുന്ന ലാഘവത്തോടെ അതിജീവിക്കാനാകും എന്നാണ ഗവേഷകര്‍ പറയുന്നത്. ഒരു പക്ഷേ മനുഷ്യരുടെ സങ്കല്‍പ്പങ്ങളിലുള്ള ഏതൊരു സൂപ്പര്‍ ഹീറോകള്‍ പോലും ആഗ്രഹിച്ചു പോകുന്ന സൂപ്പര്‍ പവറാണ് ഈ കുഞ്ഞന്‍ ജീവിക്കുള്ളതെന്നു പറയാം. 

ലോകാവസാനം വന്ന് ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാൾ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ജീവി! ഇതിനു പക്ഷേ മനുഷ്യന്റെയത്ര വലുപ്പമൊന്നുമില്ല. മനുഷ്യന്റെ തലയിൽ കാണുന്ന കുഞ്ഞൻപേനിന്റെയത്ര പോലുമില്ല വലുപ്പം. പേനിന് സാധാരണ  0.25 –0.3 സെ.മീ വരെ വലുപ്പം കാണും. പക്ഷേ ‘ടാർഡിഗ്രേഡ്’ അഥവാ ജലക്കരടി എന്നുവിളിക്കുന്ന ഈ സൂക്ഷ്മജീവികൾക്ക് 0.5 മില്ലിമീറ്ററേയുള്ളൂ നീളം! എട്ടുകാലും കരടിയുടെ രൂപവുമുള്ളതിനാലാണ് ‘ജലക്കരടി’ എന്ന പേര്. പായലു പിടിച്ച പന്നിക്കുട്ടിയെപ്പോലെയിരിക്കുന്നതിനാൽ ‘മോസ് പിഗ്‌ലെറ്റ്’ എന്നുമുണ്ട് വിളിപ്പേര്. മൈനസ് 450 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിലും ഏതാനും മിനിറ്റു നേരം കൂടി പിടിച്ചു നിൽക്കും ടാർഡിഗ്രേഡ്. ഇനി ചൂട് 302 ഡിഗ്രി വരെ കൂടിയാലും പ്രശ്നമില്ല. മൈനസ് നാലു ഡിഗ്രി തണുപ്പിൽ ദശകങ്ങളോളം ജീവിക്കും ഇവ. 

ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംതണുപ്പിലും ചൂടിലും 30 വർഷം വരെ കഴിയാനാകും ജലക്കരടികൾക്ക്. അന്റാർട്ടിക്കയിൽ നിന്ന് അത്തരം രണ്ടു ജലക്കരടികളെ ലഭിച്ചതുമാണ്. ബഹിരാകാശത്തെ റേഡിയേഷനുകളെപ്പോലും ഇവ അതിജീവിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഗ്രേ യൂണിറ്റ് വരുന്ന റേഡിയേഷൻ അടിച്ചാലും ഇവ ചാകില്ല. മരണത്തിനു തൊട്ടടുത്തു വരെയെത്തുന്ന ‘ക്രിപ്റ്റോബയോസിസ്’ എന്ന അവസ്ഥയിൽ നിലനിൽക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. ഈ അവസ്ഥയിൽ ഇവയുടെ ഉപാപചയ പ്രവർത്തനം തിരിച്ചറിയാൻ പോലുമാകാത്ത നിലയിലേക്ക് താഴും. ശരീരം ചുരുങ്ങും, ശരീരത്തിലെ ജലാംശത്തിലെ അളവ് മൂന്നു ശതമാനത്തിലേക്കു താഴും. ഫലത്തിൽ നിർജലീകരണാവസ്ഥയിലെത്തും. ജീവിതത്തിലും മരണത്തിനുമിടയിലുള്ള ഈ ‘മൂന്നാം അവസ്ഥ’യെപ്പറ്റിയാണ് ഗവേഷകർ പഠിക്കുന്നത്. ഒപ്പം ഇത്തരം അവസ്ഥകളിൽ ചിതറിപ്പോകുന്ന ഇവയുടെ ഡിഎൻഎയുടെ ഘടനയെപ്പറ്റിയും. ജീവിക്കാനുള്ള സാഹചര്യങ്ങളിലേക്കെത്തുമ്പോൾ ഡിഎൻഎയും വീണ്ടും കൂടിച്ചേരുകയാണു പതിവ്.ആയിരത്തിലേറെ സ്പീഷീസ് ടാർഡിഗ്രേഡുകളുണ്ട്. കരയിലും വെള്ളത്തിലും അഗ്നിപർവതങ്ങളിലും മഞ്ഞുമലകളിലുമൊക്കെ ഇവയെ കാണാം.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇതേ ജീവിക്ക് ആറ്റോമിക് റേഡിയേഷനെ അതിജീവിക്കാന്‍ ശേഷിയുണ്ടെന്നു കണ്ടെത്തിയത്. ഇതോടെ ഈ ജീവിയെ ഒന്നിനും നശിപ്പിക്കാനാകാത്ത ജീവി എന്ന പേരില്‍ ഗവേഷകര്‍ വിശേഷിപ്പിക്കുകയും ചെയ്തു.ഇതിന് പുറമെയാണ് ഇപ്പോള്‍ മറ്റൊരു അദ്ഭുത ശക്തി കൂടി ഈ എട്ട് കാലുള്ള ജീവികളില്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളക്കരടികളെന്നും, മോസ് പിഗ്ലെറ്റുകളെന്നുമെല്ലാം കരടികളോടും, പന്നികളോടുമുള്ള ഇവയുടെ രൂപസാദൃശ്യം പരിഗണിച്ച് ഇവയ്ക്ക് വിളിപ്പേരുകളുണ്ട്.

പ്രോട്ടീന്‍ നല്‍കുന്ന കരുത്ത്

Tardigrade

എന്താണ് ഇത്രയധികം പ്രതികൂല സാഹചര്യങ്ങളിലും അതിജീവനത്തിനായി ഇവയ്ക്ക് കരുത്ത് നല്‍കുന്നതെന്നായിരുന്നു ഗവേഷകരെ അദ്ഭുതപ്പെടുത്തിയ ചോദ്യം. ഏതായാലും ഇതുസംബന്ധിച്ച പ്രാഥമിക നിഗമനത്തില്‍ ഗവേഷകര്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവയുടെ ശരീരം ഉൽപാദിപ്പിക്കുന്ന പ്രത്യേക പ്രോട്ടീന്‍ ആണ് ഇവയെ ഇത്രയധികം അതിജീവന ശേഷിയുള്ള ജീവികളാക്കി മാറ്റുന്നത്. ഡാമേജ് സപ്രഷന്‍ പ്രോട്ടീന്‍ അഥവാ അപകട ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകം എന്നാണ് ഈ പ്രോട്ടീന് തല്‍ക്കാലം നല്‍കിയിരിക്കുന്ന പേര്. ഇതേ പേരിനെ തന്നെ ചുരുക്കി DSUP എന്നതാണ് ഈ പ്രോട്ടീന്  തല്‍ക്കാലത്തേക്ക്  നല്‍കിയിരിക്കുന്ന  ശാസ്ത്രീയ നാമം. 

ടാഡ്രിഗേഡ്സ് എന്നത് വലിയൊരു ജീവി വര്‍ഗമാണ്. അതിലെ തന്നെ പല വിഭാഗങ്ങളില്‍ ഒന്നായ യൂടാർഡിഗ്രേഡുകളില്‍ നടത്തിയ പഠനത്തിലാണ് റേഡിയേഷനേൽക്കുമ്പോൾ പ്രകാശിക്കാനുള്ള ഇവയുടെ കഴിവ് കണ്ടെത്തിയത്. ടാഡ്രിഗേഡ്സിലെ ഏറ്റവും വലിയ വിഭാഗമാണ് യൂടാർഡിഗ്രേഡുകൾ. അതുകൊണ്ട് തന്നെ ഇവയിലെ മറ്റ് വര്‍ഗങ്ങളിലും ഇതേ കഴിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ബെംഗളൂരുവിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് ഇപ്പോഴത്തെ കണ്ടെത്തലിനു പിന്നില്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്നെ ലാബില്‍ സംരക്ഷിക്കുന്ന ജീവികളിലാണ് ഈ പഠനം നടത്തിയത്. 

നൂറ്റാണ്ടുകളായി തുടരുന്ന പഠനം

 Water Bear

ടാര്‍ഡിഗ്രേഡ്സ് എന്ന ജീവിയേക്കുറിച്ചുള്ള പഠനം പതിനാറാം നൂറ്റാണ്ട് മുതല്‍ നടക്കുന്നതാണ്. ഇവയിടെ ഹൈഡ്രോബയോസിസ് എന്ന പ്രതിഭാസം കണ്ടത്തിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ആന്‍റോണ്‍ ലീന്‍ എന്ന ഗവേഷകനാണ് വീടിന്‍റെ മേല്‍ക്കൂരയിലിട്ട് ഉണക്കിയതിനു ശേഷം വീണ്ടും ഇവയ്ക്ക് ജീവനുണ്ടെന്നു കണ്ടെത്തിയത്. ടാര്‍ഡിഗ്രേഡ്സില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. എല്ലാത്തിന്‍റെയും അതീജിവന ക്ഷമത ഒരേ അളവിലല്ല. കടല്‍ ടാര്‍ഡിഗ്രേഡ്സ് ആണ് കൂട്ടത്തില്‍ താരതമ്യേന ദുര്‍ബലരായി കണക്കാക്കുന്നത്. ആകെ ടാര്‍ഡിഗ്രേഡ്സില്‍ ഏതാണ്ട് 1400 ല്‍ അധികം വിഭാഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. 

അതേസമയം എന്തിനെയും ചെറുത്ത് നില്‍ക്കാന്‍ കഴിയുന്ന ടാര്‍ഡിഗ്രേഡ്സിനും ചില എതിരാളികളുണ്ട്. ഉദാഹരണത്തിന് ഭൂമിയില്‍ ഒരു ഉല്‍ക്ക പതിച്ചാല്‍ ഏറ്റവുമധികം അതിജീവന സാധ്യതയുള്ള ജീവി ടാര്‍ഡിഗ്രേഡ്സ് തന്നെയായിരിക്കും. പക്ഷെ ഒരു സൂചി കൊണ്ട് കുത്തിയാൽ ഈ ജീവികള അനായാസം കൊല്ലാന്‍ സാധിക്കും. കൂടാതെ ഇവയെ ഭക്ഷിക്കുന്ന ജീവികള്‍ക്കും ടാര്‍ഡിഗ്രേഡ്സിനെ കൊല്ലുന്നതും ദഹിപ്പിക്കുന്നതും ശ്രമകരമായ പണിയല്ല. ഒരു ഫംഗസ് വിചാരിച്ചാലും ടാര്‍ഡിഗ്രേഡിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നതും കൗതുകകരമായ കാര്യമാണ്.

English Summary: Tardigrades survive deadly radiation by glowing in the dark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com