റോഡ് മറികടന്നത് മൂവായിരത്തോളം കൃഷ്ണമൃഗങ്ങൾ; വൈറലായി പ്രധാനമന്ത്രിയുടെ ട്വീറ്റ്
Mail This Article
ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ബ്ലാക്ക്ബക്ക് ദേശീയ പാർക്കിലൂടെ കടന്നു പോകുന്ന മൂവായിരത്തോളം കൃഷ്ണമൃഗങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗുജറാത്ത് ഇൻഫർമേഷൻ വിഭാഗം പങ്കുവച്ച ദൃശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഗംഭീരം’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മൂവായിരത്തോളം കൃഷ്ണ മൃഗങ്ങൾ ഉൾപ്പെടുന്ന സംഘമാണ് വരിവരിയായി അതിവേഗം ദേശീയ പാർക്കിലെ റോഡ് മറികടന്നത്. നാലായിരത്തോളം കൃഷ്ണമൃഗങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ധൊലേറ ഭാവ്നഗർ ഹൈവേയിലെ ചെക്ക് പോസ്റ്റിൽ നിന്ന് ജോലികഴിഞ്ഞു മടങ്ങിയ പൊലീസുകാരനാണ് ഈ മനോഹരമായ ദൃശ്യം പകർത്തിയതെന്ന് ഫോറസ്റ്റ് ഓഫിസർ അങ്കുർ പട്ടേൽ വ്യക്തമാക്കി. റോഡ് മറികടക്കുന്നവയിൽ ഭൂരിഭാഗവും പെൺ കൃഷ്ണ മൃഗങ്ങളും കുട്ടികളുമാണെന്ന് ഇദ്ദേഹം വ്യക്തമാക്കി. അവയ്ക്ക് മങ്ങിയ തവിട്ടുനിറമാണുള്ളത്. ആൺ കൃഷ്ണ മൃഗങ്ങൾക്കാണ് കറുപ്പ് നിറം കൂടുതലുള്ളത്.
ഇന്ത്യയിലും നേപ്പാളിലും കാണപ്പെടുന്ന മാൻവർഗത്തിൽ പെട്ട ജീവിയാണ് കൃഷ്ണമൃഗം. കാലാഹിരൺ. കൃഷ്ണജിന്‍ക എന്നും ഇവ അറിയപ്പെടാറുണ്ട്. ഇവയുട ശരീരത്തിന്റെ മുകൾഭാഗം കറുപ്പു നിറവും താഴെ വെളുപ്പു നിറവുമാണ്. ആൺ കൃഷ്ണമൃഗങ്ങൾക്ക് കൊമ്പുകളുണ്ടാവും. പെൺ കൃഷ്ണമൃഗങ്ങൾക്ക് കൊമ്പുകളുണ്ടാവില്ല. മുൻപ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ കൃഷ്ണമൃഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇന്ത്യയിലും നേപ്പാളിലും മാത്രമാണ് ഇവ അവശേഷിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളാണിവ.
English Summary: Herd of blackbucks caught on camera in Gujarat; PM Narendra Modi says ‘excellent’