ബിഎച്ച് റജിസ്ട്രേഷനിലേക്ക് നിലവിലെ വാഹനം മാറ്റാം, കൈമാറ്റം ചെയ്യാം
Mail This Article
ന്യൂഡൽഹി ∙ ഭാരത് സീരിസിൽ(ബിഎച്ച് സീരിസ്) റജിസ്റ്റർ ചെയ്ത വാഹനം മറ്റൊരാൾക്കു കൈമാറ്റം ചെയ്യാൻ അനുമതി നൽകുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമം പരിഷ്കരിക്കുന്നു. ഭേദഗതികളുടെ കരട് രൂപം കേന്ദ്ര ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു.
സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര – സംസ്ഥാന ഓഫിസുകളിലെയും ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കു റജിസ്ട്രേഷനു മുൻഗണന നൽകാനായിരുന്നു മുൻ തീരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു ബിഎച്ച് റജിസ്ട്രേഷൻ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
അതേസമയം, കരട് ഭേദഗതി അനുസരിച്ച് മറ്റാളുകൾക്കും ബിഎച്ച് റജിസ്ട്രേഷനിലുള്ള വാഹനം കൈമാറാൻ സാധിക്കും. സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞ വാഹനം നിശ്ചിത നികുതി അടച്ചാൽ ബിഎച്ച് റജിസ്ട്രേഷനിലേക്കു മാറ്റാനും സൗകര്യമൊരുക്കും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു ബിഎച്ച് റജിസ്ട്രേഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
English Summary: Government makes it EASIER to get BH series number plates, existing vehicle owners also eligible