റോമിൽ എംടി അനുസ്മരണവും ലോക നാടക ദിനാഘോഷവും

Mail This Article
റോം∙ ഇറ്റലിയിലെ കലാ സാംസ്കാരിക കൂട്ടായ്‌മയായ ഇന്ത്യ ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷൻ ലോക നാടക ദിനത്തോടനുബന്ധിച്ച് മാർച്ച് 30ന് മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അനുസ്മരണവും ലോക നാടക ദിനാഘോഷവും റോമിൽ സംഘടിപ്പിച്ചു. 'അലിക്ക് ഇറ്റലി' പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് ഉദ്ഘാടനം ചെയ്തു.
കൂട്ടായ്‌മയുടെ ആത്മീയ ഗുരു ഫാ. ബാബു പാണാട്ടുപറമ്പിൽ ലോക നാടക ദിനാശംസകൾ നേർന്നു. തുടർന്ന് ഇന്ത്യ ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷന്റെ ബാനറിൽ കോൺഎയർ ബാക്സ്ററേജ് സഹകരിച്ച് ദീപു സംവിധാനം ചെയ്ത 'പൊരുൾ' എന്ന ഹൃസ്വചിത്രവും 'ടോണി' എന്ന ഷോർട്ഫിലിമിന്റെ ട്രെയിലറും റിലീസ് ചെയ്തു.

റോമിലെ സാമൂഹ്യ പ്രവർത്തകനും സാഹിത്യകാരനുമായ ടെൻസ് ജോസ് എം.ടി. വാസുദേവൻ നായരെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ചു സംസാരിച്ചു. തെരേസാ പുത്തൂർ ആശംസകൾ നേർന്നു. ഡെന്നീസ് ചിറപ്പണത്ത്, ബെന്നി വെട്ടിയാടാൻ, ജോയ് ഇരുമ്പൻ എന്നിവർ എം.ടി. വാസുദേവൻ നായരെ അനുസ്മരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ജോബി അഗസ്റ്റിൻ അധ്യക്ഷ പ്രസംഗം നടത്തി.

കേരളത്തിലെ സമകാലിക സംഭവങ്ങളെ കോർത്തിണക്കി 'സൈറൺ' എന്ന നാടകം തിയത്രോ ഇന്ത്യാനോ റോമായിലെ കലാകാരന്മാർ അവതരിപ്പിച്ചു. കാണികളുടെ പ്രശംസ നേടിയ നാടകത്തിന് ശേഷം ബിന്നി ഒ. ജെ. നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

'പൊരുൾ' എന്ന ഷോർട് ഫിലിം ജീവിതത്തിലെ പല സംഭവങ്ങളുടെയും ബാഹ്യമായ വിലയിരുത്തലുകൾക്കെതിരെയും ആഴങ്ങളിലെ സത്യം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുന്നുവെന്ന് ജോയ് ഇരുമ്പൻ അഭിപ്രായപ്പെട്ടു.