ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പേര് സമൂഹ മാധ്യമം എന്നാണെങ്കിലും, നിഗൂഢതയാണ് പ്രത്യേകത. ഈ സമൂഹത്തിൽ അലയുന്നവർ എന്തിനെ തിരയുന്നെന്ന് ആരും അറിയുന്നില്ല. എവിടെയോ കിടന്ന കടുവയുടെ വിഡിയോ എടുത്തു സ്വന്തം വീട്ടുമുറ്റത്ത് കണ്ടെന്നു പ്രചരിപ്പിക്കുന്നവർ മുതൽ രാത്രി 12ന് കോസ്മിക് രശ്മികൾ ഭൂമിയിൽ പതിച്ച് മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്ന സന്ദേശം അയയ്ക്കുന്നവർ വരെ. 

എന്തെല്ലാം ഇല്ലാക്കഥകളാണ് ഈ ‘സമൂഹത്തിൽ’ നാം കാണുന്നത്. വിവിധ പ്രായക്കാർ ഈ സങ്കീർണമായ ‘സമൂഹത്തി’ന്റെ ഭാഗമാണ്. കുട്ടികൾ മുതൽ സമൂഹ മാധ്യമ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങുന്ന മുതിർന്നവർ വരെ ! ഇവിടെ പ്രത്യേക നിയമങ്ങൾ ഇല്ല. 

എന്ത് കാണണം, ആരെ വിശ്വസിക്കണം, എങ്ങനെ കാണണം, എത്ര നേരം കാണണം....ഒന്നിനുമില്ല നിശ്ചയം. എന്തും ചർച്ചാ വിഷയങ്ങളാണ്. എന്തിനെയും വിഷയമാക്കാം. ആരും ‘വൈറൽ’ ആകാം. ഒന്നു വൈറലാകാൻ എങ്ങനെയും പെരുമാറാം.

സ്കൂളുകളിൽ പഠന ആവശ്യത്തിനും മറ്റുമായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന കുഞ്ഞുങ്ങൾ ഏതു നിമിഷവും ഇവരുടെ വലയിൽ വീഴാം. Image Credits: recep-bg/Istockphoto.com
Image Credits: recep-bg/Istockphoto.com

സമൂഹ മാധ്യമത്തിന്റെ സങ്കീർണതകളെ ഇഴകീറി എടുക്കുക പ്രയാസമാണ്. പണ്ട് പറഞ്ഞിരുന്ന തെറികളൊക്കെ ഇന്ന് സഭ്യമായ പദങ്ങളായി. പണ്ട് പൊതുസദസ്സിൽ പറയാൻ മടിച്ചിരുന്ന വാക്കുകളൊക്കെ ഇന്ന് മധുര മലയാളമായി. കണ്ടന്റുകൾ, ഇൻഫ്ലുവൻസർമാർ, പ്രതികരണക്കാർ, റോസ്റ്റർമാർ, വ്ലോഗർമാർ, റിവ്യുവർമാർ ...രസം പിടിച്ചു പോയവർ ഇവരുടെ ആവിഷ്കാരങ്ങൾക്ക് മുന്നിൽ അന്തം വിട്ടു നിൽക്കുന്നു.

സോഷ്യൽ മീഡിയയിലെ ചില വൈറൽ താരങ്ങളെ കാണുമ്പോൾ സങ്കടം തോന്നും. പണ്ട്, ഇങ്ങനൊക്കെ ചെയ്യുന്നവരെ ചികിൽസിച്ച് ഭേദമാക്കാൻ നാട്ടിൽ നല്ല ആശുപത്രികളുണ്ടായിരുന്നു. ഇന്നും ആ ആശുപത്രികൾ ഉണ്ടെങ്കിലും ചികിൽസ തേടി ആരും പോകാറില്ലത്രേ! ചികിൽസയില്ലാതെ അലയുന്ന പലരും ഇന്ന് സമൂഹ മാധ്യമങ്ങളിലാണ്. അവരിൽ പലരും സൂപ്പർ ഹീറോകളായി മാറുന്നു. അവരുടെ ചെയ്തികൾ കണ്ട് കയ്യടിക്കുന്നവരിൽ നമ്മുടെ കുഞ്ഞുങ്ങളാണ് മുൻപിൽ. 

ഒരിക്കൽ ഒരു രക്ഷിതാവ് കുഞ്ഞിന്റെ സെർച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോൾ, ഒരാൾ ഇറച്ചിക്കോഴിയെ നുറുക്കുന്നതിന്റെ ലൈവ് കാഴ്ചകളാണ് കഴിഞ്ഞ 2 മണിക്കൂറായി തന്റെ കുഞ്ഞ് കാണുന്നതെന്നു തിരിച്ചറിഞ്ഞു. കോഴിയെ വെട്ടി നുറുക്കി ഇടുന്നതിന്റെ കാഴ്ചകൾ 6 മണിക്കൂർ നീണ്ട ലൈവ് ആയിരുന്നു എന്നതും പിന്നീട് മനസ്സിലായി. രണ്ടു മണിക്കൂറിലധികം ഇരുന്ന് ആസ്വദിക്കാൻ അതിലെന്തായിരുന്നു ഇത്ര ‘ത്രിൽ’  എന്ന് ആർക്കും അറിയില്ല. കണ്ടിരുന്ന കുട്ടിക്കും അറിയില്ല. സമൂഹമാധ്യമം ഇങ്ങനെ തുറന്നിട്ട വാതിലുകളുമായി കാത്തിരിക്കുമ്പോൾ നമ്മുടെ കുട്ടികൾ ഏതെല്ലാം മുറികളിലൂടെയാണ് പോവുക എന്നതാണ് ഇന്നത്തെ ആശങ്ക. ആ ആശങ്ക രക്ഷിതാവിന്റെ മാത്രമല്ല, രാജ്യങ്ങളുടെ കൂടി ആശങ്കയായി മാറി.

Image Credits: DragonImages/Istockphoto.com
Image Credits: DragonImages/Istockphoto.com

വിലക്ക് ഏർപ്പെടുത്താൻ രാജ്യങ്ങൾ
കുട്ടികളുടെ സമൂഹ മാധ്യമ സംസർഗം നിയന്ത്രിക്കാൻ നിയമം പാസാക്കാൻ ഒരുങ്ങുകയാണ് ജിസിസി രാജ്യങ്ങൾ. നിശ്ചിത പ്രായം വരെ സമൂഹ മാധ്യമങ്ങളിൽ നിന്ന് കുട്ടികളെ മാറ്റി നിർത്തുന്നതിന്റെ സാധ്യതകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു സമൂഹ മാധ്യമം നിരോധിക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ. 

ഇത് ജിസിസി രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല. സമാന നിയന്ത്രണങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഈജിപ്ത്. സ്മാർട് ഫോണുകളുടെ വ്യാപനം വർധിച്ചതോടെ, സമൂഹ മാധ്യമങ്ങളിൽ നിയന്ത്രണം കൊണ്ടു വരുന്നതിൽ മിക്ക ലോക രാജ്യങ്ങളും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്.

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ  നിഷേധിച്ച് ഓസ്ട്രേലിയ നിയമം പാസാക്കി. മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികൾ അവ ഉപയോഗിക്കാൻ പാടില്ലെന്ന് ഫ്രാൻസും വിലക്കി. ചില യുഎസ് സംസ്ഥാനങ്ങളും സമാന നിയമം പാസാക്കിയിട്ടുണ്ട്. കുട്ടികൾ സമൂഹ മാധ്യമം ഉപയോഗിക്കുമ്പോൾ അവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ കാണിക്കുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയൻ വൻകിട കമ്പനികളെ വിലക്കി. നിശ്ചിത സമയം കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് പുറത്തു പോകാൻ കുട്ടികളെ ഓർമപ്പെടുത്തുന്ന സന്ദേശങ്ങൾ നൽകണമെന്നും യൂറോപ്യൻ യൂണിയൻ സമൂഹ മാധ്യമ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികൾക്കു കാണാവുന്ന കാര്യങ്ങളിലും സോഷ്യൽ മീഡിയയിൽ ചെലവഴിക്കാവുന്ന സമയത്തിലും ചൈന നിയമം പാസാക്കിയിട്ടുണ്ട്. പ്രൈമറി, സെക്കൻഡറി ക്ലാസുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ടാബ്‌ലറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നതിനു നെതർ‌ലൻഡിൽ നിരോധനമുണ്ട്. യുഎഇയിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ല. അങ്ങനെ, പൊതു വിപത്തായി കണ്ടുള്ള നീക്കങ്ങളാണ് ഈ മേഖലയിൽ ലോക രാജ്യങ്ങൾ ഒരുമിച്ചു ചെയ്യുന്നത്. 

ലോകമെമ്പാടുമുള്ള സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ പതിയിരിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. കൊച്ചു കുട്ടികളെയും സാങ്കേതിക പരിജ്ഞാനമില്ലാത്തവരെയും ഒരുപോലെ ലക്ഷ്യമിടുന്ന ഇവർ ഒരുക്കുന്ന ചതിക്കുഴികൾ എവിടെ എന്നതിൽ ഒരു നിശ്ചയവുമില്ല. 

Image Credit: Canva
Image Credit: Canva

നമ്മൾ ജീവിക്കുന്ന സ്വന്തം സമൂഹത്തിലെ കാഴ്ചകൾക്കാണ് ഭംഗിയെന്നു തിരിച്ചറിഞ്ഞാൽ, പകുതി പ്രശ്നങ്ങൾ തീരും. മറ്റുള്ളവർ നൽകുന്ന കാഴ്ചകൾക്ക് അപ്പുറം സ്വന്തം ചിന്തകളും ആവിഷ്കാരങ്ങളും ഭാവനകളും വളരുമ്പോൾ ചുമ്മാതെ കളയാൻ സമയമില്ലാതാകും. സർഗാത്മകതയുടെ  പുതിയ വഴിയിലൂടെ അടിച്ചു തെളിക്കേണ്ട കാലം വന്നിരിക്കുന്നു.

English Summary:

GCC Countries Set to Introduce New Laws Regulating Children's Social Media Use

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com