ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മക്ക ∙ റമസാനിലെ ഇരുപത്തിയേഴാം രാവ്, പ്രാർഥനയിൽ മുഴുകി ജനലക്ഷങ്ങൾ. മക്ക മദീന ഹറമിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം. ഹറം മതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിത്ർ, തഹജ്ജുദ് നമസ്കാരത്തിലെ പ്രത്യേക പ്രാർഥനക്ക് മക്കയിൽ നേതൃത്വം നൽകി. പാപമോചനം തേടിയുള്ള ഇമാമിന്റെ പ്രാർഥനയിൽ വിശ്വാസികളും അണിചേർന്നു. ഇരുപത്തിയേഴാം രാവിൽ ഇശാ, തറാവീഹ് നമസ്കാരങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുമെത്തിയ ലക്ഷക്കണക്കിന് ഉംറ തീർഥാടകർക്കു പുറമെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഭ്യന്തര തീർഥാടകരും ഹറമിൽ ഒഴുകിയെത്തിയിരുന്നു. ഇരുഹറം കാര്യാലയത്തി​ന്റെ നേതൃത്വത്തിൽ അതിരാവിലെ മുതൽ തന്നെ ആരാധകരുടെ ഒഴുക്കിനെ ഉൾക്കൊള്ളാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഹറം പള്ളിയിലെ പ്രാർഥനായിടങ്ങൾ, പരിസര പ്രദേശങ്ങൾ, ഗേറ്റുകൾ, ഇടനാഴികൾ എല്ലാം സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും കുറ്റമറ്റ രീതിയിൽ ഒരുക്കിയിരുന്നു.

പെരുന്നാൾ അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ റമസാൻ അവസാന പത്ത് ഹറമിൽ ചെലവഴിക്കാൻ നിരവധി സ്വദേശികൾ കുടുംബസമേതം മക്കയിലെത്തിയിട്ടുണ്ട്. പ്രാർഥനയ്ക്ക് എത്തിയ വിശ്വാസികളുടെ നിര ഹറം മുറ്റങ്ങളും കവിഞ്ഞ് റോഡുകളിലെത്തി.

Image Credit: SPA
Image Credit: SPA

27ാം രാവിൽ സാധാരണ ഉണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടിക്കണ്ട് വിവിധ സുരക്ഷാ വകുപ്പുകൾ പ്രത്യേക പദ്ധതികൾ നടപ്പാക്കി. ഇരു ഹറം കാര്യാലയം, സിവിൽ ഡിഫൻസ്, ട്രാഫിക് വകുപ്പ്, പൊലീസ് വിഭാഗങ്ങൾ, റെഡ്ക്രസന്റ്​ , ആരോഗ്യം മുനിസിപ്പാലിറ്റി വകുപ്പുകൾ എന്നിവക്ക് കീഴിൽ പതിവിലും കൂടുതൽ ആളുകളെ സേവനത്തിനായി നിയമിതരായിരുന്നു.

ഓരോ വർഷവും റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്ക് ഒഴുകുന്നത്. വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ വൻതോതിലുള്ള വിപുലീകരണങ്ങൾ മുതൽ സ്‌മാർട്ട് ക്രൗഡ് മാനേജ്‌മെന്റ് സൊല്യൂഷനുകൾ വരെ ഇന്ന് ലഭ്യമാണ്. 

ഹറമിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഉൾപ്പെടെ തിരക്ക് കുറഞ്ഞ വഴികൾ തിരിച്ചറിയുകയും പ്രാർത്ഥനയ്ക്കും പ്രദക്ഷിണത്തിനുമായി ലഭ്യമായ സ്ഥലങ്ങളിലേക്ക് തീർഥാടകരെ നയിക്കുകയും ചെയ്യുന്നു.

Image Credit: SPA
Image Credit: SPA

ഹറമിൽ ഉടനീളം ഇലക്‌ട്രോണിക് സ്‌ക്രീനുകളിലൂടെ പ്രാർഥന സമയങ്ങളെയും ദിശകളെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ  നൽകുന്നു. അതേസമയം സ്മാർട്ട് ആപ്ലിക്കേഷനുകളും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് പള്ളിക്കകത്തും പുറത്തും ലൊക്കേഷൻ ട്രാക്കിങ് സന്ദർശകരുടെ സഞ്ചാരം സുഗമമാക്കുന്നു. 

റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ വർധിച്ചുവരുന്ന തീർഥാടകരെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കാൻ അനുവദിക്കുന്ന ഹറമിലെ വമ്പിച്ച വിപുലീകരണങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട പരിവർത്തനങ്ങളിൽ ഒന്ന്. 

ഗതാഗത മേഖലയിൽ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയുടെ പ്രവർത്തനം മക്കയ്ക്കും മദീനയ്ക്കുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറിൽ താഴെയായി കുറച്ചു. ഇത് കൂടുതൽ സുഖകരവും വേഗതയേറിയതുമായ അനുഭവം നൽകുന്നു.

സൗദി അറേബ്യ ഹറമിനുള്ളിലും പുറത്തും പൂർണ്ണ സജ്ജമായ മെഡിക്കൽ സൗകര്യങ്ങൾ നൽകുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ദ്രുത പ്രതികരണം ഉറപ്പാക്കാൻ മെഡിക്കൽ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 2025ലെ റമസാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 25 ദശലക്ഷത്തിലധികം വിശ്വാസികളുടെയും തീർഥാടകരുടെയും വരവിന് ഹറം സാക്ഷ്യം വഹിച്ചതായി ഈയിടെ വിവിധ സമയങ്ങളിൽ നിരീക്ഷിച്ച കണക്കുകൾ സൂചിപ്പിക്കുന്നു.

റമസാനിലെ ഏറ്റവും സവിശേഷമാക്കപ്പെട്ട രാവാണ് ‘നിർണയത്തിന്റെ രാത്രി’ എന്നർഥം വരുന്ന ലൈലത്തുൽ ഖദ്ർ. ഏതു ദിവസമാണെന്ന് വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ‌21, 23, 25, 27, 29 രാവുകളിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്നവരാണ് ഏറെപ്പേരും. 27ാം രാവിനാണ് കൂടുതൽ സാധ്യതയെന്ന പണ്ഡിതരുടെ നിഗമനം ഉള്ളതിനിലാണ് ആ ദിവസത്തിന് കൂടുതൽ സ്വീകാര്യത കൈവന്നത്.

83 വർഷവും 3 മാസവും പ്രാർഥനകളിൽ ഏർപ്പെട്ടതിന്റെ പുണ്യം ഒറ്റ രാവിലൂടെ നേടാമെന്ന അപൂർവ അവസരമാണ് ലൈലത്തുൽ ഖദ്റിലൂടെ വിശ്വാസികൾക്ക് ലഭിക്കുക. ദൈവ കൽപന അനുസരിച്ച് മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങുന്ന ലൈലത്തുൽ ഖദ്ർ രാവിൽ ഉൾപ്പെട്ടവർക്ക് പാപമുക്തിയും സ്വർഗപ്രവേശവും ലഭിക്കുമെന്ന വിശ്വാസം റമസാനിലെ അവസാന പത്തുകളിൽ മസ്ജിദുകളിലെ തിരക്കിനു പ്രേരണയായി.

English Summary:

Worshippers gathered at the Grand Mosque to perform the Isha and Taraweeh prayers on the 27th night of Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com