അർബുദ രോഗികൾക്ക് 20 ലക്ഷം രൂപയുടെ സഹായവുമായി റിയാദ് മൈത്രി കരുനാഗപ്പള്ളി

Mail This Article
റിയാദ് ∙ ജീവകാരുണ്യരംഗത്ത് റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് അർബുദരോഗികളായ നിർധനരായ 200 പേർക്കായി 20 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കരുനാഗപ്പള്ളി താലൂക്കിൽപ്പെട്ട 200 കാൻസർ രോഗികൾക്കാണ് മൈത്രി കാരുണ്യ ഹസ്തം എന്ന പദ്ധതിയിലൂടെ 10,000 രൂപ വീതം നൽകുന്നത്. അർഹരായ 200 പേരെ കണ്ടെത്തുന്നതിനായി ഈ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഏപ്രിൽ 2ന് രാവിലെ 10 മുതൽ ഏപ്രിൽ 7 വരെ അപേക്ഷാഫോമുകൾ ലഭ്യമാകും.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിന് സമീപം വൈദ്യുതഭവന് എതിർവശത്തുള്ള ഷാലിമാർ വില്ലയിലെ മൈത്രി ഓഫിസിൽ നിന്ന് അപേക്ഷാഫോം കൈപ്പറ്റാം. രോഗിയുടെ പേരിൽ വാങ്ങുന്ന അപേക്ഷയിൽ മാത്രമേ ധനസഹായം നൽകൂ. അപേക്ഷാഫോം വാങ്ങാൻ എത്തുമ്പോൾ രോഗിയുടെ പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും നൽകണം. രോഗിക്ക് നേരിട്ടോ, അഭ്യുദയകാംക്ഷി മുഖാന്തിരമോ അപേക്ഷാഫോം വാങ്ങാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷാഫോം ഏപ്രിൽ 10ന് വൈകിട്ട് 5 മണിക്കകം മൈത്രി ഓഫിസിൽ തിരിച്ചേൽപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി 7994343560 എന്ന നമ്പറിൽ ബന്ധപ്പെടുക. ഏപ്രിൽ മാസം അവസാനവാരത്തിൽത്തന്നെ തുക കൈമാറും.
വാർത്താസമ്മേളനത്തിൽ മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത്, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, ജനറൽ കൺവീനറും അഡ്വൈസറി ബോർഡ് ചെയർമാനുമായ ഷംനാദ് കരുനാഗപ്പള്ളി, ചെയർമാൻ ബാലുക്കുട്ടൻ, ജീവകാരുണ്യ കൺവീനർ അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റുമാരായ നസീർ ഖാൻ, നസീർ ഹനീഫ എന്നിവർ പങ്കെടുത്തു.