ഹോളിവുഡിലെ 'നിത്യഹരിത യുവാവി'നൊപ്പം ക്യൂബന് സുന്ദരി; എല്ലാ കണ്ണുകളും 62 കാരന്റെ 'കാമുകിയിലേക്ക് '?

Mail This Article
ഹോളിവുഡ് സിനിമയുടെ ചിഹ്നങ്ങളിലൊന്നാണ് ടോം ക്രൂസ്. ജനപ്രീതിയും അഭിനയമികവും ഒരേപോലെ സ്വായത്തമാക്കിയ താരം. പ്രായമേറുമ്പോഴും ചെറുപ്പമായിരിക്കുന്ന ‘നിത്യഹരിത യുവാവ്'. ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം.
ക്യൂബൻ–സ്പാനിഷ് വംശജയും നടിയുമായ അനാ ഡി അർമാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹം പരക്കുന്നത്. ക്രൂസിനെയും അനായെയും പല തവണ ഒരുമിച്ചു കണ്ടതാണ് ആരാധകർ ഇങ്ങനെ ഒരു അഭ്യൂഹം പ്രചരിപ്പിക്കാൻ കാരണം. കഴിഞ്ഞദിവസം ലണ്ടനിൽ ഇരുവരും ഡിന്നർ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും അഭ്യൂഹത്തിനു ബലമേകി.
36 വയസ്സുകാരിയായ അനാ ക്യൂബൻ തലസ്ഥാനം ഹവാനയിൽ നിന്നുള്ളയാളാണ്. ക്യൂബൻ സിനിമയിൽ നടിയായി തുടങ്ങിയ അവർ ഉനാ റോസ ഡി ഫ്രാൻസിയ എന്ന സിനിമയിലൂടെയാണു ജനപ്രീതി നേടിയത്. പിന്നീട് യുഎസിലെ ലൊസാഞ്ചലസിലേക്ക് എത്തിയ അവർ ഹോളിവുഡ് സിനിമയുടെ ഭാഗമായി.

2015ൽ പുറത്തിറങ്ങിയ നോക്ക് നോക്ക്, 2016ലെ വാർ ഡോഗ്സ് തുടങ്ങിയവ അവരുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. ബ്ലേഡ് റണ്ണർ 2049 നൈവ്സ് ഔട്ട് തുടങ്ങിയ ചിത്രങ്ങളും അനായ്ക്കു ഹോളിവുഡിൽ സ്ഥാനം നേടിക്കൊടുത്തു. നോ ടൈം ടു ഡൈ എന്ന ജയിംസ് ബോണ്ട് ചിത്രത്തിലും അവർ അഭിനയിച്ചു. മെർലിൻ മൺറോയുടെ ജീവിതകഥ പറഞ്ഞ് 2022ൽ പുറത്തിറങ്ങിയ ബ്ലോണ്ട് എന്ന ചിത്രത്തിൽ നായികയായതും അനായാണ്.
മാർക് ക്ലോറ്റെറ്റ് എന്ന സ്പാനിഷ് നടനുമായി വിവാഹിതയായിരുന്നെങ്കിലും 2013ൽ ഇരുവരും ബന്ധം അവസാനിപ്പിച്ചു. ബെൻ അഫ്ലെക്കുമായും ഇടക്കാലത്ത് പ്രണയമുണ്ടായിരുന്നെങ്കിലും ഇരുവരും പിന്നീട് വേർപിരിഞ്ഞു. ടോം ക്രൂസിന്റെ ആക്ഷൻ സിനിമകളുടെ ആരാധികയായ അനാ പലതവണ സൂപ്പർതാരത്തിന്റെ ഫൈറ്റിങ് സീനുകളെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഹോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടൻമാരിലൊരാളാണ് 62 വയസ്സുകാരനായ ക്രൂസ്.
മിമി റോജേഴ്സ്, നിക്കോൾ കിഡ്മാൻ, കാറ്റി ഹോംസ് എന്നിവരെ ക്രൂസ് മുൻകാലത്ത് വിവാഹം കഴിച്ചിരുന്നെങ്കിലും ഈ ബന്ധങ്ങളെല്ലാം വേർപിരിഞ്ഞു. നിക്കോൾ കിഡ്മാനുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ഒരു പതിറ്റാണ്ടുകാലം പിന്നിട്ടതും വളരെ ആഘോഷിക്കപ്പെട്ടതുമായിരുന്നു.

മെലീസ ഗിൽബെർട്ട്, റബേക്ക ഡി മോർണേ, പാറ്റി സിയാൽഫ, ചെർ, പെനിലോപ് ക്രൂസ് തുടങ്ങിയ പല പ്രശസ്ത സെലിബ്രിറ്റി വനിതകളുമായും ക്രൂസിന് പ്രണയബന്ധങ്ങളുണ്ടായിരുന്നു.ടോപ് ഗൺ, ജെറി മാഗ്വയർ, റിസ്കി ബിസിനസ്, മിഷൻ ഇംപോസിബിൾ, ദ് ലാസ്റ്റ് സമുറായ് തുടങ്ങി ബോക്സോഫീസിനെ കിടിലംകൊള്ളിച്ച പല സിനിമകളിലെയും നായകനാണു ക്രൂസ്.