‘നിന്നെ ഓർത്ത് അച്ഛൻ അഭിമാനിക്കുന്നു’: മായക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി ‘എമ്പുരാൻ’

Mail This Article
മകൾ വിസ്മയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. ജീവിതത്തിൽ എന്നും സന്തോഷവും ചിരിയും നിറയട്ടെ എന്നായിരുന്നു മകളുടെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. മലയാള സിനിമാ ചരിത്രത്തിലെ റെക്കോർഡുകൾ ഭേദിച്ച് തേരോട്ടം തുടങ്ങിയ മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസ് ദിനത്തിൽ തന്നെ മകളുടെ ജന്മദിനം വന്നത് കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
മോഹൻലാലിന്റെ വാക്കുകൾ: ‘‘ജന്മദിനാശംസകൾ, മായക്കുട്ടി! ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ! ജീവിതം സന്തോഷവും ചിരിയും നിറയട്ടെ! നിന്നെ ഓർത്ത് ഈ അച്ഛൻ എന്നും അഭിമാനിക്കുന്നു. എപ്പോഴും സ്നേഹിക്കുന്നു.’’
മോഹൻലാലിന്റെ ഹൃദയസ്പർശിയായ ജന്മദിനാശംസ ആരാധകർക്കിടയിൽ ചർച്ചയായി. നിരവധി പേർ മായയ്ക്ക് പിറന്നാൾ ആശംസകളുമായെത്തി. മോഹൻലാലിന്റെ കരിയറിലെ തന്നെ വമ്പൻ സിനിമയായ എമ്പുരാന്റെ റിലീസ് ദിനം മകളുടെ ജന്മദിനം കൂടിയായത് ഏറെ സ്പെഷൽ ആണന്ന് ആരാധകർ കുറിച്ചു.
‘ഇപ്പുറത്ത് അച്ഛൻ മകൾക്ക് കൊടുക്കുന്ന ജന്മദിന സമ്മാനം, അപ്പുറത്ത് മകൻ അച്ഛന് നൽകുന്ന സമ്മാനം’ എമ്പുരാന്റെ റിലീസ് ദിവസത്തെ പ്രത്യേകം പരാമർശിച്ച് ഒരു ആരാധകൻ കുറിച്ചതിങ്ങനെയായിരുന്നു. ‘പിറന്നാളും പടവും ഒരേ ദിവസം’, ‘അച്ഛൻ മകൾക്കു നൽകിയ ബർത്ത്ഡേ ഗിഫ്റ്റ് കലക്കി’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് മായയുടെ ജന്മദിനാശംസകൾക്കു ലഭിക്കുന്നത്.