തിരഞ്ഞെടുപ്പിനിടെ 24,000 കോടിയുടെ പദ്ധതികൾക്കു തുടക്കമിട്ട് പ്രധാനമന്ത്രി; വിവാദം
Mail This Article
ന്യൂഡൽഹി ∙ ഗോത്രവിഭാഗങ്ങൾക്കായി 24,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഗോത്രവിഭാഗ നേതാവ് ബിർസ മുണ്ടയുടെ ജൻമവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ നടന്ന ചടങ്ങിലായിരുന്നു പദ്ധതികളുടെ തുടക്കം. പിഎം കിസാൻ പദ്ധതി വഴി കർഷകർക്കുള്ള സാമ്പത്തിക സഹായത്തിന്റെ പതിനഞ്ചാം ഗഡുവായ 18,000 കോടി രൂപയുടെ വിതരണോദ്ഘാടനവും ചടങ്ങിൽ മോദി നിർവഹിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പാതിവഴിയിൽ നിൽക്കെ ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഗോത്രവിഭാഗങ്ങൾക്കായുള്ള പദ്ധതി നാളെ വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കം കൂടിയാണ്. പിഎം കിസാൻ പദ്ധതിയിലെ ധനസഹായ വിതരണവും മധ്യപ്രദേശും ഛത്തീസ്ഗഡും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കും.
ഗോത്രവിഭാഗങ്ങൾക്കിടയിൽ പിന്നാക്കാവസ്ഥയിലുള്ള 28 ലക്ഷം പേർക്കാണ് 24,000 കോടി രൂപയുടെ പദ്ധതി വഴി സഹായം ലഭിക്കുക. വൈദ്യുതി, വീട്, ശുദ്ധജലം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, റോഡ് വികസനം എന്നിവയാണു ലഭ്യമാക്കുക. കേന്ദ്രപദ്ധതികളുടെ ആനുകൂല്യം ഇനിയും ലഭിക്കാത്തവരിലേക്ക് എത്താൻ ലക്ഷ്യമിട്ടുള്ള ‘വികസിത് ഭാരത് സങ്കൽപ് യാത്ര’യ്ക്കും മോദി തുടക്കമിട്ടു. അടുത്ത ജനുവരി 25 വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന യാത്ര 2.7 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും 15,000 നഗരമേഖലകളിലുമെത്തും.