ADVERTISEMENT

ചൈനീസ് നഗരങ്ങളെ നിശ്ചലമാക്കിയ കൊറോണ വൈറസ് ഒടുവിൽ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒപ്പം അതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു വ്യക്തമാക്കുന്നുമുണ്ട്. എങ്ങനെയാണ് കൊറോണ വൈറസ് (2019–nCoV) പടരുന്നത്? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? പ്രചരിക്കുന്നതെല്ലാം സത്യമാണോ?
ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച്ഒ) യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക്കൽ വിശദീകരണം.

വൈറസിന്റെ തുടക്കം

ചൈനയിലെ ഹുബെയ്‌ പ്രവിശ്യയിലുള്ള വുഹാൻ നഗരത്തിൽ ഒട്ടേറെ പേർക്ക് ഇരുശ്വാസകോശത്തിലും ന്യുമോണിയ ബാധിക്കുന്നതായി ഡബ്ല്യുഎച്ച്ഒയെ ചൈന അറിയിക്കുന്നത് 2019 ഡിസംബർ 31ന്. ഇന്നേവരെ തിരിച്ചറിയാത്ത ഒരുതരം വൈറസായിരുന്നു അതിനു പിന്നിൽ. അതിനാൽത്തന്നെ ഇത് എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുമെന്നു തിരിച്ചറിയാനും വൈകി. ജനുവരി ഏഴിനു പുതിയതരം വൈറസിനെ തിരിച്ചറിഞ്ഞ വിവരം ഡബ്ല്യുഎച്ച്ഒയെ ചൈന ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ടതായിരുന്നു അത്.

wuhan-city-airport-railway-map

ജനുവരി 11ന് പുതിയ കൊറോണ വൈറസ് ബാധിച്ചുള്ള ലോകത്തിലെ ആദ്യ മരണവും ചൈന റിപ്പോർട്ട് ചെയ്തു. വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന ഹ്വാനനിലെ മാംസ മാർക്കറ്റ് അതിനോടകം ഒഴിപ്പിച്ചിരുന്നു. ജനുവരി 13ന് ചൈനയ്ക്കു പുറത്ത് ആദ്യ കൊറോണ റിപ്പോർട്ട് ചെയ്തു– തായ്‌ലൻഡിലായിരുന്നു അത്. പൊതുവായുളള ജലദോഷപ്പനി മുതൽ സാർസും മെർസും പോലുള്ള മാരകരോഗങ്ങൾക്കു വരെ കാരണമാകുന്നതാണ് കൊറോണ കുടുംബത്തിലെ വൈറസുകൾ. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാൽ ആ വഴിക്കാണ് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളും.

വൈറസിന്റെ ‘പ്രഭാവലയം’

ശരീരത്തിൽ കിരീടം (corona) പോലെ ഉയർന്ന ഭാഗങ്ങളുള്ളതിനാലാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. സൂര്യന്റെ ചുറ്റുമുള്ള പ്രഭാവലയം (കൊറോണ) പോലെ ഈ വൈറസിനു ചുറ്റിലും കാണാനാകുമെന്നതും ഇത്തരം പേരിടുന്നതിലേക്കു നയിച്ചു. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുമ്പോഴാണ് അപകടകാരിയാകുന്നത്. 1960കളിലാണ് അത്തരം വൈറസുകളെ ആദ്യം തിരിച്ചറിഞ്ഞത്. കോഴികളിൽ നിന്നായിരുന്നു ആദ്യമായി രോഗം പടർന്നത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് കൊറോണ വൈറസുകളെ.

വളർത്തുമൃഗങ്ങൾ കൊറോണ പരത്തുമോ? ഈ വൈറസ് പ്രായമായവരെ എളുപ്പം ബാധിക്കുമോ? വൈറസിനെ പ്രതിരോധിക്കാൻ ആന്റിബയോട്ടിക്കുകൾക്കു സാധിക്കുമോ? കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരം ഒട്ടേറെ സംശയങ്ങളാണു പ്രചരിക്കുന്നത്. എന്താണു സത്യാവസ്ഥ?

Corona-Precautions-who-4
Corona-Precautions-who-2
Corona-Precautions-who-3
Corona-Precautions-who-1

രോഗബാധിതരുമായി സമ്പർക്കം ഇല്ലാതാക്കുകയെന്നതാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാന വഴി.

വൈറസ് ബാധിച്ചിട്ടുള്ളത് ആർക്കൊക്കെയാണെന്നും അതിന്റെ ഉറവിടവും കൃത്യമായി അറിയാത്തതിനാലാണ് ഇപ്പോഴും ലോകം മുൾമുനയിൽ തുടരുന്നതും നിരീക്ഷണം ശക്തമാക്കുന്നതും. വുഹാനിലെ ഹ്വാനൻ മാംസമാർക്കറ്റില്‍ നിന്നാണ് പുതിയ കൊറോണ വൈറസിന്റെ ഉറവിടമെന്നാണു കരുതുന്നത്. അവിടെ അനധികൃതമായി കാട്ടുമൃഗങ്ങളുടെ ഇറച്ചി വിൽക്കുന്ന പതിവുമുണ്ടായിരുന്നു. പാമ്പിന്റെ ഇറച്ചി മുതൽ വവ്വാൽ വരെ സംശയനിഴലിലാണ്. വുഹാന്‍ മാംസവിപണിയുമായി ഇടപഴകിയവരിലാണ് ആദ്യമായി പുതിയതരം കൊറോണ വൈറസ് കണ്ടെത്തിയതും. മാർക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്തവരിലും രോഗം കണ്ടെത്തിയതോടെയാണ് ഇതു മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പടർന്നതായി വ്യക്തമായത്. 

നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ചൈനയ്ക്കു കീഴിലുള്ള പ്രദേശങ്ങളായ ഹോങ്കോങ്ങിലും മക്കാവുവിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 30 വരെയുള്ള കണക്കു പ്രകാരം ചൈനയിലെ മരണസംഖ്യ 170 ആണ്. ഇതിൽ 162 പേരും ഹുബെയ് പ്രവിശ്യയിലുള്ളവരും. ചൈനയിൽ മാത്രം 7711 പേർ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുണ്ട്. വിവിധ രാജ്യങ്ങളിലായി നൂറിലേറെ പേർക്ക് കൊറോണ സ്ഥിരീകരിച്ച് നിരീക്ഷണത്തിലാണ്. ചൈനയിൽ നിന്നു മറ്റു രാജ്യങ്ങളിലെത്തിയവരിലായിരുന്നു ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ദക്ഷിണ കൊറിയയിൽ അങ്ങനെയല്ലാതെ പ്രാദേശികമായി രോഗം ബാധിച്ച 56–കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. രോഗബാധിതരുമായി ഇടപഴകിയതിനെത്തുടർന്നാണ് ഇയാൾക്ക് രോഗബാധയേറ്റതെന്നാണു കരുതുന്നത്. 

എത്രമാത്രം മാരകമാണ് കൊറോണ?

‘സാർസ്’ പോലെ മാരകമായിരിക്കില്ല പുതിയ കൊറോണ വൈറസ് എന്നാണു ഗവേഷകർ പറയുന്നത്. 2002–03 കാലത്തു പൊട്ടിപ്പുറപ്പെട്ട സാർസ് ചൈനയിൽ മാത്രം കൊന്നൊടുക്കിയത് 300ലേറെ പേരെയാണ്. രാജ്യാന്തരതലത്തിൽ 800ലേറെ പേരെയും. പിന്നീട് മെർസ് വന്നപ്പോഴും രോഗം ബാധിച്ച മൂന്നിലൊന്നു പേരും മരിച്ചു.

സാർസിനേക്കാളും വേഗത്തിലാണിപ്പോൾ ചൈനയിൽ കൊറോണ പടരുന്നത്. ചൈനയിൽ ഓരോ ദിവസും ആയിരത്തിലേറെ പേ‌ർക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

English Summary: What Is the Coronavirus? Symptoms, Treatment and Risks? How it Spreads? A Complete Visual Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com