അധികാരമേറ്റയുടന്‍ ഉദ്ധവിന്റെ തീരുമാനം തിരുത്തി ഷിന്‍ഡെ; സുപ്രീംകോടതിയിലും ഉദ്ധവിന് തിരിച്ചടി
Mail This Article
മുംബൈ∙ അധികാരമേറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ധവ് താക്കറെ സർക്കാരിന്റെ വിവാദ തീരുമാനം പിൻവലിച്ചു. 2019ൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ കൊണ്ടുവന്ന മുംബൈയിലെ ആരെ കോളനിയിൽ വിവാദമായ മെട്രോ കാർ ഷെഡ് പദ്ധതിയെ എതിർക്കുന്ന നിലപാടായിരുന്നു ഉദ്ധവിന്റേത്. എന്നാൽ അധികാരമേറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ അവിടെ കാർ ഷെഡ് പണിയുമെന്ന തീരുമാനം ഷിൻഡെ എടുത്തുവെന്നാണ് വിവരം.
കാർ ഷെഡ് പണിയുമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകാൻ അഡ്വക്കേറ്റ് ജനറൽ അശുതോഷ് കുംഭകോണിക്ക് ഷിൻഡെ നിർദേശം നൽകി. മുംബൈയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആരെ കോളനി വനപ്രദേശത്തെ മരങ്ങൾ വെട്ടാൻ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനോട് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ അനുമതി തേടിയതോടെയാണ് വിവാദം ആരംഭിച്ചത്. ബിഎംസി അനുമതി നൽകിയതോടെ പരിസ്ഥിതിവാദികളും മറ്റുമിറങ്ങി വൻ പ്രതിഷേധമാണ് 2019ൽ അരങ്ങേറിയത്. മെട്രോ കാർ ഷെഡ് എന്ന പേരിൽ എടുത്തിരിക്കുന്ന സ്ഥലം വന പ്രദേശമല്ലെന്ന നിലപാടാണ് ഫഡ്നാവിസ് സ്വീകരിച്ചിരുന്നത്. മെട്രോ കാർബൺ ഫൂട്പ്രിന്റ് കുറയ്ക്കുമെന്നും അദ്ദേഹം വാദിക്കുന്നു.
അതേസമയം, തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് ഷിന്‍ഡെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി തയാറായില്ല. ഈ മാസം 11ന് മാത്രമേ ഹര്‍ജി പരിഗണിക്കൂ. നാളത്തെ സഭാ നടപടികള്‍ക്ക് ഹര്‍ജി തടസമാകില്ല.
English Summary: Eknath Shinde Reverses Big Uddhav Thackeray Decision In 1st Move, Should prove majority on Monday