അന്ന് പ്രിയങ്കയുടെ മുഖം ചുവന്നു, ചുണ്ടുകൾ വിറച്ചു; നളിനി പറയുന്നു: ‘ആ കോപം എന്നെയും പേടിപ്പിച്ചു’
Mail This Article
1999ൽ ഓസ്ട്രിയൻ സന്ദർശനം കഴിഞ്ഞ് മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ ഡൽഹിയിൽ തിരിച്ചെത്തി. വൈകാതെ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടി. അന്ന് സോണിയാ ഗാന്ധി കെ. ആർ. നാരായണനോട് പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്: ‘‘എന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട നളിനി എന്ന സ്ത്രീയെ തൂക്കിലേറ്റാൻ വിധിച്ചിട്ടുണ്ട്. എന്നാൽ എനിക്കോ എന്റെ മക്കളായ രാഹുലിനോ പ്രിയങ്കയ്ക്കോ ഇനി ഒരാളുടെ കൂടി ജീവനെടുക്കണമെന്ന് ആഗ്രഹമില്ല. മാത്രമല്ല, നളിനിക്ക് ഒരു കുഞ്ഞുണ്ട്. എന്റെ മക്കൾക്ക് അവരുടെ പിതാവിനെ നഷ്ടമായി. അതുപോലെ ഞങ്ങൾ മൂലം മറ്റൊരു കുട്ടി കൂടി അനാഥയാകരുത്. ഒരാളുടെ ജീവൻ ഇല്ലാതാക്കുന്നതു വഴി ഞങ്ങൾക്ക് ഒരിക്കലും സമാധാനം ലഭിക്കില്ല. അതുകൊണ്ട് അവരെ കൊലക്കയറിൽനിന്ന് രക്ഷപെടുത്താൻ താങ്കളുടെ ഇടപെടൽ ഉണ്ടാകണം’’, ശേഷം തനിക്കും മക്കൾക്കും പറയാനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ കത്തും അവർ കൈമാറി. ഏതു നിമിഷവും തൂക്കിലേറ്റപ്പെടുമെന്ന് കരുതിയിരുന്ന നളിനിയുടെ വിധി അവിടെ മാറുകയായിരുന്നു. ഏഴു തവണ തന്നെ തൂക്കിലേറ്റാൻ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് നളിനി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട സ്ത്രീയെ, കൊലക്കയറിൽ നിന്ന് രക്ഷിക്കാൻ താൻ കാരണമായതിനെ കുറിച്ച് സോണിയ ഗാന്ധി ഒരിക്കലും മാധ്യമങ്ങൾക്കു മുന്നിൽ മനസു തുറന്നില്ല. പല കാര്യങ്ങളിലും പ്രകടിപ്പിക്കാറുള്ള അന്തസ്സുറ്റ മൗനം തന്നെയായിരുന്നു, തന്റെ ജീവിതം കീഴ്മേൽ മറിച്ച ആ സംഭവത്തിലും അവർ പുലർത്തിയത്. ഇന്ദിര ഗാന്ധിക്ക് സംഭവിച്ചതുപോലെ തന്റെ ഭർത്താവിനും സംഭവിക്കുമോ എന്ന് എന്നും ഭയന്നിരുന്ന, രാഷ്ട്രീയത്തിന്റെ ഓരത്തു പോലും ഇല്ലാതിരുന്ന സോണിയ ഗാന്ധിയാണ് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിക്കുന്ന ശക്തിയായി വളർന്നത്. 2013-ല്‍ ജയ്പൂരിൽ രാഹുൽ ഗാന്ധിയെ പാർട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുന്നതിന്റെ തലേന്നും സോണിയ ഗാന്ധി ഇതേ പേടിയില്‍ ഉറങ്ങാതിരുന്നു എന്ന് രാഹുൽ ഗാന്ധി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.