റിലയൻസ്–ഡിസ്‌നി ലയനം: കരാറിൽ ഒപ്പുവച്ചു; നിത അംബാനി ചെയർപഴ്സൻ, റിലയൻസിന് 63.16% ഓഹരി
Mail This Article
മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയാകോം 18 ഉം വാൾട്ട് ഡിസ്നിയുടെ ബിസിനസ് വിഭാഗമായ സ്റ്റാർ ഇന്ത്യയും തമ്മിൽ ലയനകരാറിൽ ഒപ്പുവച്ചു. ഇതോടെ വയാകോം 18 സ്റ്റാർ ഇന്ത്യയിൽ ലയിക്കും. ഡിസ്‌നി കണ്ടന്റുകളുടെ ലൈസന്‍സ് സംയുക്തസംരംഭത്തിനു കൈമാറും.
റിലയന്‍സ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തില്‍ നിക്ഷേപിക്കും. റിലയന്‍സിന് 63.16 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക. ലയനത്തോടെ സംയുക്തസംരംഭത്തിനു ഏകദേശം 70,353 കോടി രൂപയുടെ മൂല്യമുണ്ടാവും.
ലയനത്തോടെ വിനോദ ചാനലുകളായ കളേഴ്‌സ്, സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ് എന്നിവയും സ്‌പോര്‍ട്‌സ് ചാനലുകളായ സ്റ്റാര്‍ സ്പോർട്സ്, സ്‌പോര്‍ട്18 എന്നിവയും ജിയോ സിനിമയും ഹോട്‌സ്റ്റാറും പുതിയ സംയുക്തസംരംഭത്തിനു കീഴിലാവും. നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയര്‍പഴ്‌സൻ. നേരത്തേ വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്‍മാന്‍. നിലവില്‍ അദ്ദേഹം വയാകോം18 ബോര്‍ഡ് അംഗമാണ്.