ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോട്ടയം ∙ നാലു മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കിണറ്റിൽ എറിഞ്ഞു കൊന്ന വാർത്ത കണ്ണൂരിൽ നിന്നും കേൾക്കുമ്പോൾ മലയാളി ഓർക്കുന്നത് 22 വർഷം മുൻപ് റിലീസ് ചെയ്ത ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയാണ്. വാർത്ത കേട്ട് ഞെട്ടിയെന്ന് ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ മനോരമ ഓൺലൈനോട് പറഞ്ഞു. സിനിമ പുറത്തിറങ്ങി ഇത്ര വർഷമായിട്ടും സമൂഹം ഇക്കാര്യം വേണ്ടവിധം മനസിലാക്കാത്തതിൽ വിഷമമുണ്ടെന്നും സിബി മലയിൽ പറഞ്ഞു.

ജയറാമും കാളിദാസ് ജയറാമും ജ്യോതിർമയിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമ പറഞ്ഞതും സമാന കഥയാണ്. ഇളയ കുട്ടി ജനിക്കുമ്പോൾ തന്നോടുള്ള സ്നേഹവും ലാളനയും കുറയുന്നുവെന്ന് മൂത്ത കുട്ടി ചിന്തിക്കുകയും അത് പിന്നീട് ഇളയ കുഞ്ഞിനോടുള്ള വൈരാഗ്യമായി മാറുകയും അവനെ കൊല്ലുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ബോബി സഞ്ജയ് ആയിരുന്നു. തമിഴിൽ കണ്ണാടി പൂക്കൾ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. 

‘‘ബോബിയും സഞ്ജയുമാണ് എന്റെ വീട് അപ്പൂന്റേം സിനിമയുടെ തിരക്കഥയുമായി എന്റെയടുത്തേക്ക് വന്നത്. പല കുടുംബങ്ങളിലും ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. ഇളയ കുട്ടി ഉണ്ടാകുമ്പോൾ മൂത്ത കുട്ടിയിൽ ശ്രദ്ധ കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പല കുടുംബങ്ങളിലുമുണ്ട്. പലരും തിരിച്ചറിയാൻ താമസിച്ചു പോകാറുണ്ട്. എന്റെ വീട് അപ്പൂന്റേം സിനിമ തിയറ്ററുകളിൽ വന്ന ശേഷം മാതാപിതാക്കൾ പലരും എന്നെ ഫോൺ വിളിക്കാൻ തുടങ്ങി. കൂടുതലും അമ്മമാരാണ് വിളിച്ചത്. അവർക്കൊരു തിരിച്ചറിവായിരുന്നു ഈ സിനിമ. എന്തുകൊണ്ടാണ് എന്റെ മൂത്തകുട്ടി റിബലായി പെരുമാറുന്നത്, ഇളയ കുട്ടിയെ ഉപദ്രവിക്കുന്നത് എന്നൊക്കെ ഇപ്പോഴാണ് മനസിലാകുന്നത് എന്നാണ് അവരൊക്കെ പറഞ്ഞത്. ഇളയ കുട്ടിയെ ഉപദ്രവിക്കുന്ന മൂത്ത കുട്ടിയെ ഇവരിൽ പലരും ശിക്ഷിക്കുമായിരുന്നു. എന്നാൽ‌ അതിനുപിന്നിലെ കാരണം എന്തെന്ന് മനസിലായിരുന്നില്ലെന്നും അവർ പറഞ്ഞു. മൂത്തയാളെ അടിച്ചതൊക്കെ തെറ്റായിപോയെന്നും അവരിൽ പലരും കരഞ്ഞുകൊണ്ട് പറഞ്ഞു. എല്ലാ കുടുംബങ്ങളിലും നടക്കാവുന്ന ഒരു കാര്യമാണ് ഇത്’’ –സിബി മലയിൽ പറഞ്ഞു.

സംവിധായകൻ സിബി മലയിൽ (ചിത്രം: ജസ്റ്റിൻ ജോസ്, മനോരമ)
സംവിധായകൻ സിബി മലയിൽ (ചിത്രം: ജസ്റ്റിൻ ജോസ്, മനോരമ)

ഇളയ കുട്ടി വരുന്നത് വരെ അത്രയും കാലം എല്ലാ പരിചരണവും നൽകിയാണ് മൂത്ത കുട്ടിയെ നോക്കുന്നത്. പുതിയ ഒരാൾ വരുമ്പോൾ ശ്രദ്ധ അങ്ങോട്ടേക്ക് പോവുന്നത് സ്വാഭാവികമാണ്. എന്റെ മകൾക്ക് രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോൾ മൂത്ത കുട്ടി നുള്ളുകയൊക്കെ ചെയ്യുമായിരുന്നു. എന്നാൽ മകൾ ഇത് വളരെ ശ്രദ്ധിച്ചിരുന്നു. ഞങ്ങൾ വിഡിയോ കോൾ‌ വിളിക്കുമ്പോഴൊക്കെ മൂത്തയാളോട് സംസാരിക്ക്, ഇളയ ആൾക്ക് അറിയില്ലല്ലോ എന്ന് അവൾ പറയാറുണ്ട്. പുതിയ തലമുറയിൽ അച്ഛനും അമ്മയുമൊക്കെ ജോലി ചെയ്യുന്നവരാകും, ഒരുപാട് തിരക്ക് കാണും. അവർക്ക് മൊത്തത്തിൽ മൂത്ത കുട്ടിയോട് ശ്രദ്ധക്കുറവ് ഉണ്ടാകാറുണ്ട്. ചെറിയ കാര്യമായി ഇതിനെ കാണരുത്. മാതാപിതാക്കളിലേക്ക് ബോധവൽക്കരണം എത്തണം. അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ഉണ്ടാകും. അത് ഉണ്ടാകാതെ നോക്കണമെന്നും സിബി മലയിൽ പറഞ്ഞു.

സന്തുഷ്ട കുടുംബമായി കഴിയുന്ന വിശ്വനാഥൻ, ഭാര്യ മീര, മകൻ വസുദേവ് എന്നിവരെ ചുറ്റിപ്പറ്റിയാണ് എന്റെ വീട് അപ്പൂന്റേയും സിനിമ ആരംഭിക്കുന്നത്. മീര വസുവിന്റെ രണ്ടാനമ്മയാണെങ്കിലും അവർ തമ്മിൽ നല്ല അടുപ്പമാണ്. വസു മീരയെ തന്റെ അമ്മയായി മാത്രമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് കണ്ടിരുന്നത്. കുടുംബത്തിലേക്ക് വരുന്ന കുഞ്ഞതിഥിയെ സന്തോഷത്തോടെയാണ് വസു വരവേൽക്കുന്നതെങ്കിലും പിന്നീട് തന്നോട് അച്ഛനും അമ്മയ്ക്കും സ്നേഹം കുറയുന്നു എന്ന സങ്കടവും നിരാശയുമാണ്, കുഞ്ഞനിയന്റെ കൊലപാതകത്തിൽ കലാശിക്കുന്നത്. ജുവനൈൽ ഹോമിലേക്ക് കോടതി വസുവിനെ അയയ്ക്കുന്നതും അവനായുള്ള അച്ഛനമ്മമാരുടെ കാത്തിരിപ്പുമൊക്കെയാണ് സിനിമ പറയുന്നത്. 

English Summary:

Sibling Jealousy Leads to Tragedy: 22 Years Later, ‘Ente Veedu Appuvinteyum’ Remains Relevant After Kannur Baby's Murder

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com