കേരളം അപൂർവ ‘വിവാഹ ഞെരുക്ക’ത്തിലേക്ക്; സ്ത്രീകളുടെ എണ്ണം ഇനിയും കുറയും, 30ൽ താഴെയുള്ളവർക്കും ‘പെണ്ണുകിട്ടില്ല’
Mail This Article
‘പുര നിറഞ്ഞ പുരുഷന്മാർ’, ഈ പ്രയോഗം കേരളത്തിൽ കേട്ടുതുടങ്ങിയിട്ട് കാലമേറെയായി. വിവാഹ പ്രായമെത്തിയ മലയാളി യുവാക്കൾ കെട്ടുപ്രായം കഴിഞ്ഞും പങ്കാളികളെ ലഭിക്കാതെ കഴിയേണ്ടി വരുന്നുവെന്നാണ് ഈ പ്രയോഗത്തിലൂടെ അർഥമാക്കുന്നത്. വിവാഹം ഒരു സാമൂഹിക വിഷയം കൂടിയാണ്. വിവാഹപ്രായമെത്തിയിട്ടും പങ്കാളിയെ ലഭിക്കാത്തവർക്ക് സമൂഹത്തിന്റെ വിവിധ ചോദ്യങ്ങൾക്കു കൂടി മറുപടി പറയേണ്ടി വരും. എന്തുകൊണ്ടാണ് കേരളത്തിൽ യോഗ്യരായ വരന്മാർ ‘പുരനിറഞ്ഞ്’ നിൽക്കാൻ കാരണം? അടുത്തിടെ നടന്ന ഒരു പഠനത്തിൽ, മലയാളി യുവതികൾ വിവാഹത്തിന് താൽപര്യമില്ലാതെ മാറി നിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനുള്ള കാരണങ്ങളിൽ പ്രധാനമായി കണ്ടെത്തിയത് യുവതികൾക്ക് വിവാഹത്തോടുള്ള ഭയമെന്നായിരുന്നു. ഈ പഠനഫലം മാധ്യമങ്ങളടക്കം വാർത്തയാക്കിയതോടെ വിഷയം സമൂഹത്തിൽ ഏറെ ചർച്ചയായി. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനു വേണ്ടി സംസ്ഥാനത്തെ വിവാഹപ്രായത്തിലുള്ള ജനസംഖ്യയെ ശാസ്ത്രീയമായ വിശകലനത്തിന് വിധേയമാക്കിയുള്ള പഠനമാണിത്. ‘പുരുഷൻമാരുടെ വിവാഹ ഞെരുക്കം’ (Male Marriage Squeeze) കേരള സമൂഹത്തിലുണ്ടോ? എങ്കിൽ അത് എത്രത്തോളം ആഴത്തിലുള്ളതാണ്?