സ്വർണവിലയിൽ ചാഞ്ചാട്ടം; രൂപയിൽ തട്ടി കേരളത്തിൽ ഇന്ന് നേരിയ കയറ്റം, ട്രംപ് വന്നാൽ പൊന്നിന് നേട്ടമോ?
Mail This Article
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് മുൻതൂക്കമുണ്ടെങ്കിലും ഇപ്പോഴും മത്സരം ശക്തം. ട്രംപ് പ്രസിഡന്റ് പദത്തിൽ തിരിച്ചുവന്നേക്കുമെന്ന പ്രതീക്ഷകളുമായി ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കുതിപ്പിന്റെ ട്രാക്ക് പിടിച്ചതോടെ രാജ്യാന്തര സ്വർണവില മെല്ലെ കുറഞ്ഞുതുടങ്ങി. എന്നാൽ, കടകവിരുദ്ധമായി കേരളത്തിൽ വില ഇന്ന് അൽപം ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് ഇന്ന് രാവിലെ എക്കാലത്തെയും താഴ്ചയായ 84.23 ആയതാണ് കാരണം. രൂപ ദുർബലമായാൽ ഇറക്കുമതിച്ചെലവ് കൂടും.
ഗ്രാമിന് ഇന്ന് കേരളത്തിൽ വില 10 രൂപ ഉയർന്ന് 7,365 രൂപയായി. 80 രൂപ വർധിച്ച് 58,920 രൂപയാണ് പവൻവില. ഈമാസം ഇന്നലെ വരെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞശേഷമാണ് ഇന്നത്തെ വിലവർധന. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5 രൂപ ഉയർന്ന് 6,070 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 102 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്ക് ഫീസും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) 63,690 രൂപയായിരുന്നു ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണത്തിന് വില; ഒരു ഗ്രാം സ്വർണാഭരണത്തിന് 7,960 രൂപയും. ഇന്ന് വില പവന് 63,776 രൂപയും ഗ്രാമിന് 7,972 രൂപയുമായി കൂടി.
ട്രംപ് വന്നാൽ പൊന്ന് കുതിക്കുമോ?
കഴിഞ്ഞദിവസം ഔൺസിന് 2,725 ഡോളറിലേക്ക് താഴുകയും ഇന്നലെ 2,749 ഡോളറിലേക്ക് ഉയരുകയും ചെയ്ത രാജ്യാന്തര സ്വർണവില, ഡോളറും ബോണ്ടും കുതിപ്പ് തുടങ്ങിയതോടെ താഴേക്ക് പോയി. 2,738 ഡോളറിലാണ് നിലവിൽ വ്യാപാരം. ഒരുവേള വല 2,733 ഡോളർ വരെ എത്തിയിരുന്നു.
രാജ്യാന്തര വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. വില കൂടിയും കുറഞ്ഞും കൊണ്ടിരിക്കുന്നു. ഡോണൾഡ് ട്രംപ് പ്രസിഡന്റ് പദത്തിൽ എത്തുന്നത് രാജ്യാന്തര വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ശക്തമാണ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് കടുത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താൻ മടിയില്ലാത്ത പ്രസിഡന്റായിരിക്കും ട്രംപ് എന്ന് നിരീക്ഷകർ പറയുന്നു.
യുഎസ്-ചൈന വ്യാപാരയുദ്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും കടുത്തേക്കാം. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ട്രംപ് വന്നാൽ നികുതിഭാരം കൂടിയേക്കും. ഇത്തരം വ്യാപാരപ്പോര് സ്വർണത്തിനാണ് നേട്ടമാകുക. കാരണം, ട്രംപിന്റെ നയങ്ങൾ അമേരിക്കയുടെ പണപ്പെരുപ്പം, ജിഡിപിയിൽ സർക്കാരിന്റെ കടത്തിന്റെ അനുപാതം എന്നിവ കൂടാനിടയേക്കിയേക്കും. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ കലുഷിതമാകാം. ഇത് ഓഹരി, കടപ്പത്ര വിപണികൾക്ക് തിരിച്ചടിയാകും. ഫലത്തിൽ സ്വർണനിക്ഷേപങ്ങൾക്ക് പ്രിയമേറുകയും വില കൂടുകയും ചെയ്തേക്കും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈവാരം ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറച്ചേക്കുമെന്ന വിലയിരുത്തലുകളും നേട്ടമാവുക സ്വർണത്തിനായിരിക്കും.