സംസ്ഥാനത്തെ താപനില 35 ഡിഗ്രി സെൽഷ്യസിനും 38നുമിടയിൽ; പാലക്കാട് ‘വെരി ഹോട്ട്’, ശരീരം പൊള്ളും

Mail This Article
സംസ്ഥാനത്തു പൊതുവെ ഉയർന്ന താപനില 35°c നു 38°c ഇടയിൽ രേഖപ്പെടുത്തി. സംസ്ഥാനത്തു ശനിയാഴ്ചത്തെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഉയർന്ന ചൂട് പാലക്കാട് (37 °c, 1.9 °c കൂടുതൽ) രേഖപ്പെടുത്തി. തൃശൂർ വെള്ളാനിക്കര (36.8 °c, 1.9 കൂടുതൽ), പുനലൂർ (36.5°c, 0.8 കൂടുതൽ) കോട്ടയം (36.5°c, 2.4 കൂടുതൽ)
കൊച്ചി (36, 1.4 കൂടുതൽ ) കോഴിക്കോട് (35.4, 2 കൂടുതൽ) കണ്ണൂർ (35.3), തിരുവനന്തപുരം (35.2, 1.9 കൂടുതൽ). ചൂടു കൂടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യാതപം മൂലം പൊള്ളലേൽക്കാനും താപനില ഉയരുന്നതു മൂലം ശാരീരിക ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

മുൻകരുതൽ
∙ ദീർഘനേരം നേരിട്ടു വെയിലേറ്റ് ജോലി ചെയ്യുന്നവർ പ്രവൃത്തി സമയം ക്രമീകരിക്കണം. പകൽ 11 മുതൽ 3 വരെ കഴിയുന്നതും നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കണം.
∙ വെയിലത്തു നടക്കുമ്പോൾ കുട, തൊപ്പി, ടവൽ എന്നിവ ഉപയോഗിക്കണം. ചെരിപ്പ് നിർബന്ധമായും ധരിക്കണം.
∙ വെയിലത്തു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം.

∙ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതും കയ്യും കാലും മുഖവും ഇടയ്ക്കിടെ ശുദ്ധജലത്തിൽ കഴുകുന്നതും നല്ലതാണ്.
∙ ചെറിയ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
∙ നിർജലീകരണം തടയാൻ ദാഹം ഇല്ലെങ്കിൽ പോലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കണം. പുറത്തുപോകുമ്പോൾ കുടിക്കാൻ വെള്ളം കരുതുന്നതും നല്ലതാണ്. സംഭാരം, ഇളനീര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നതും ആരോഗ്യകരമാണ്. പാനീയങ്ങൾ ഉപയോഗിക്കുമ്പോൾ ശുചിത്വം ഉറപ്പാക്കണം. ഐസിന്റെ ശുചിത്വവും പ്രധാനമാണ്.
∙ മദ്യം, ചായ, കാപ്പി, കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.
∙ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതു നല്ലതാണ്. ശുദ്ധജലത്തിൽ കഴുകി വേണം ഇവ ഉപയോഗിക്കാൻ.
∙ മുറിയിൽ വേണ്ടത്ര വായുസാന്നിധ്യം ഉറപ്പാക്കണം. പകൽ സമയം കഴിയുന്നതും വീട്ടിൽ ചൂടു കുറവുള്ള ഭാഗത്തു കഴിയുന്നതും നല്ലതാണ്,
ചൂട്, ആരോഗ്യപ്രശ്നങ്ങൾ
∙ വരണ്ടു ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, അബോധാവസ്ഥ, തൊലി ചുവന്നു തടിക്കൽ, വേദന, പൊള്ളൽ, തൊലിപ്പുറത്തു കുരുക്കൾ, പേശീവലിവ്, ഛർദി, മൂത്രത്തിന്റെ അളവു കുറഞ്ഞു മഞ്ഞ നിറമാകൽ എന്നിവ സൂര്യാതപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങളാകാം. ഇവ കണ്ടാൽ അടിയന്തരമായി ചികിത്സ തേടണമെന്നു പാലക്കാട് ജില്ലാ മെഡിക്കൽ ഓഫിസർ കെ.ആർ.വിദ്യ അറിയിച്ചു.