ADVERTISEMENT

ആ ദിവസം വരെ, എന്റെ പ്രവാസ ജീവിതത്തിനിടയിൽ, നാട്ടിൽ എത്തുമ്പോൾ എന്റെ വീട്ടിലേക്കായിരുന്നു വന്നിരുന്നത്. ആ സ്വർഗത്തിലേക്ക് എന്നെ വരാൻ പ്രേരിപ്പിച്ചിരുന്നത്, തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ ചിരിയുമായി എന്നെയും കാത്ത് നിൽക്കുന്ന എന്റെ അമ്മയായിരുന്നു. പക്ഷേ ആ ദിവസം ആദ്യമായി കോഴിക്കോടുള്ള ഒരു ഫ്ലാറ്റിലേക്ക്. അവിടെയാണ് അമ്മ. അമ്മക്ക് എംവിആർ ഹോസ്പിറ്റലിൽ കാൻസർ ചികിത്സ ആരംഭിച്ചത് കൊണ്ട് ആശുപത്രിക്കടുത്താണ് ഫ്ലാറ്റ്. അമ്മ അവിടെയെത്തിയിട്ട് അഞ്ചാമത്തെ ദിവസമാണ്. അമ്മയുടെ അടുത്തേക്കാണ് പോകുന്നത്. ജീവിതത്തിൽ ആദ്യമായി അമ്മയുടെ മുൻപിൽ അഭിനയിക്കണം. അമ്മയുടെ അസുഖം കാരണം ഉള്ളിൽ പിടയുന്ന സങ്കടങ്ങളും നിറയുന്ന പുഴകളും അമ്മ അറിയരുത്. കാരണം ആ രോഗത്തെ നേരിടാൻ അമ്മക്ക് ധൈര്യം പകരേണ്ടവനാണ് ഞാൻ. അമ്മയുടെ അടുത്തെത്തുന്നതിന് മുൻപ് വണ്ടി നിറുത്തി. അമ്മയുടെ കൂടെയുള്ള മനോഹര നിമിഷങ്ങൾ എന്റെ കണ്ണിലൂടെ കടന്നുപോയി. ആ സുന്ദര നിമിഷങ്ങൾ എന്റെ കാഴ്ച മറച്ചുകൊണ്ട് മഴനീർ തുള്ളി പോലെ ഒഴുകികൊണ്ടിരുന്നു. പെട്ടന്നുള്ള ഫോണിന്റെ ബെല്ലടി ശബ്ദം, എന്നെ ഓർമയിൽ നിന്നും ഉണർത്തി. നോക്കിയപ്പോൾ അമ്മയാണ്. “നീ എവിടെ?, ഇത്ര സമയം എടുക്കുമോ, അവിടെ നിന്നും ഇവിടെ എത്തുവാൻ”. “ഇല്ലമ്മേ, അടുത്ത് എത്തി” ഞാൻ മറുപടി നൽകി, മുഖം തുടച്ച് വീണ്ടും യാത്ര തുടർന്നു. 

അവിടെയെത്തിയപ്പോൾ, ഫ്ലാറ്റിന്റെ മുൻപിൽ ഒരു കസേരയിൽ എന്നെയും നോക്കി അതെ തിളങ്ങുന്ന കണ്ണുകളും വിടർന്ന ചിരിയുമായി അമ്മ ഇരിക്കുന്നു. ഓടിച്ചെന്ന് നീട്ടിപിടിച്ച അമ്മയുടെ കയ്യിൽ ഉമ്മവച്ചപ്പോൾ അറിയാതെ നിറഞ്ഞ കണ്ണിൽ നിന്നും അടർന്നു മാറിയ നീർതുള്ളി അമ്മയുടെ തണുത്ത കൈകളെ പൊള്ളിപ്പിക്കുന്നതിന് മുൻപ്‌ ഞാൻ തുടച്ചുമാറ്റി. അമ്മയുടെ കൈവിരലുകൾ എന്നെ തലോടികൊണ്ടിരുന്നു, എല്ലാം മറന്നു ഞാൻ വീണ്ടും കൊച്ചുകുട്ടി ആയി മാറുന്നു അസുലഭ സന്ദർഭങ്ങൾ. മുഖമുയർത്തി ഞാൻ അമ്മയെ നോക്കി, അമ്മ ക്ഷീണിച്ചിരിക്കുന്നു, തടി കുറഞ്ഞിരിക്കുന്നു, കണ്ണുകളിലെ പുറത്ത് കാണുന്ന തിളക്കത്തിനുള്ളിൽ ദുഃഖത്തിന്റെ കണികകൾ കാണുന്നു. മെല്ലെ ചോദിച്ചു, “അമ്മേ സുഖം അല്ലെ”, പതിഞ്ഞ സ്വരത്തിൽ മറുപടി, “അതേടാ, സുഖം ആണ്, നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഉള്ള സുഖം, എന്നെ നോക്കാൻ മത്സരിക്കുന്ന മക്കളെയും മരുമക്കളെയും കാണുമ്പോൾ ഉള്ള സുഖം. പക്ഷേ ഇനി എത്രനാൾ...” ബാക്കി പറയാൻ ഞാൻ അമ്മയെ സമ്മതിച്ചില്ല, അമ്മക്ക് കാൻസറാണ് എന്ന് അറിഞ്ഞത് മുതൽ, ആ രോഗത്തോട് പടവെട്ടി തിരിച്ചുവന്ന ആളുകളുടെ ജീവിതം മുന്നേ പറഞ്ഞുകൊടുത്തത് അമ്മയെ വീണ്ടും ഓർമിപ്പിച്ചു.

കുറച്ച് നേരം അവിടെ നിന്നും സംസാരിച്ച് അമ്മയെയും ചേർത്തുപിടിച്ച് ഫ്ലാറ്റിലേക്ക് നടന്നു. അടുത്ത ഫ്ലാറ്റുകളിൽ നിന്നും അമ്മയെ നോക്കുന്ന എല്ലാവരോടും “ഇതാണ് സുനി, എന്റെ മൂത്ത മോൻ” എന്നെ ഒരുപാട് വർഷത്തെ പരിചയമുള്ള പോലെ അവർ ചിരിക്കുന്നു, അഞ്ചു ദിവസത്തെ പരിചയം കൊണ്ട് അവർക്കെല്ലാം അമ്മ പ്രിയപ്പെട്ടവളായി എന്നെനിക്ക് മനസിലായി. അവർ എല്ലാവരും ഞങ്ങളെ പോലെ കാൻസർ എന്ന രോഗത്തോട് പടവെട്ടാൻ ചികിത്സാർഥം അവിടെ മുറി എടുത്തവർ ആയിരുന്നു. ഞങ്ങൾ തുല്യ ദുഃഖിതർ. റേഡിയേഷൻ കാരണം അമ്മക്ക് ഭക്ഷണം കഴിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. അമ്മയുടെ കൂടെയിരുന്ന് അമ്മക്ക് ഭക്ഷണം വാരികൊടുക്കുമ്പോൾ ഓർമ്മകൾ ഒരുപാട് വർഷം പിറകിലേക്ക് പോയി. നേരം വൈകുന്ന ദിവസങ്ങളിൽ, രാവിലെ കോളജിലേക്ക് പോകാൻ വസ്ത്രം മാറുമ്പോൾ ഭക്ഷണവുമായി വന്ന് വാരിത്തന്നിരുന്ന അമ്മയെ, ഞങ്ങൾ നാലുപേരെയും ആ ചെറിയ വീടിന്റെ പടികളിലിരുത്തി ഓരോരുത്തരെയും ഊട്ടുന്ന അമ്മയെ, ആ അമ്മക്ക് ഞാൻ കൊച്ചുകുട്ടിയെ ഊട്ടുന്ന പോലെ ഭക്ഷണം വാരികൊടുക്കുന്നു, “ഇനി മതി, വിശപ്പില്ല” എന്ന് ഞങ്ങൾ പണ്ട് പറഞ്ഞപോലെ അമ്മയും പറയുന്നു, കൊച്ചുകുട്ടിയാകുന്നു. അമ്മയുടെ കണ്ണ് നനയുന്നു, എന്റെയും.

അമ്മ രോഗത്തെയും, വേദനയെയും മറന്ന നിമിഷങ്ങൾ ആയിരുന്നു പിന്നീട്. ഉള്ളിൽ സങ്കടങ്ങൾ ആളികത്തുമ്പോഴും പഴയ കഥകൾ പറഞ്ഞു ഞങ്ങൾ അമ്മയെ ഒരുപാട് ചിരിപ്പിച്ചു. ജീവിതത്തിൽ വിജയത്തിന്റെ ഓരോ പടവുകളും കയറി പതിയെ തിരിഞ്ഞ് നോക്കുമ്പോൾ ഒരു ചെറു ചിരിയോടെ നിൽക്കുന്ന അമ്മ, ആ ചിരിയായിരുന്നു എന്നെ മുന്നോട്ട് നയിച്ചിരുന്ന ഊർജം എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒരുപാട് ചോക്ലേറ്റുമായിട്ടായിരുന്നു എന്നും അമ്മയുടെ അടുത്തേക്ക് പോകാറുള്ളത്. അമ്മ കഴിക്കില്ലെങ്കിലും എല്ലാവർക്കും വീതിച്ചുകൊടുക്കാറുള്ളത് അമ്മയായിരുന്നു. അന്ന് ആ ഫ്ലാറ്റിലെ പലർക്കുമായി അമ്മ ചോക്ലേറ്റുകൾ പൊതിഞ്ഞ് മാറ്റിവച്ചു, എന്നിട്ട് എന്നോടായി പറഞ്ഞു “നാളെ അവർ ഇങ്ങോട്ട് വരുമ്പോൾ കൊടുക്കണം”, അവിടെ ഉള്ള മിക്ക സ്ത്രീകളും 5 ദിവസം കൊണ്ട് അമ്മയുടെ പ്രിയപ്പെട്ടവർ ആയിരിക്കുന്നു, മനസ്സിൽ കള്ളമില്ലാത്തവർ പെട്ടെന്ന് കൂട്ടുകൂടും എന്നത് എത്ര ശരിയാണ്.

അമ്മ മെല്ലെ സംസാരം തുടർന്ന് കൊണ്ടിരുന്നു, “എനിക്ക് ഈ രോഗം ആണ് എന്ന് അറിഞ്ഞത് മുതൽ എന്നെ കാണാൻ വരുന്ന ചിലർ പറയുന്നു, എനിക്ക് എങ്ങനെ ഈ രോഗം വന്നു എന്ന്, ഞാൻ എല്ലാവർക്കും നല്ലതല്ലേ ചെയ്യാറുള്ളു എന്ന്, എടാ ഈ രോഗം പാപം ചെയ്തവർക്ക് വരുന്നതാണോ?, ഞാൻ ചെയ്ത പാപം എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ലലോ“, ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു, അമ്മയുടെ ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്ക് കേൾക്കാം, നിറയുന്ന പുഴകളും, അലറുന്ന തിരമാലകളെയും എനിക്ക് കാണാം, ഞാൻ ഒന്നും മിണ്ടാതെ അമ്മയെ ചേർത്ത് പിടിച്ചു, അമ്മയെ അശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ ഒന്നുമില്ലായിരുന്നു.

എന്താണ് അമ്മ ചെയ്ത പാപം, നല്ല ഒരു ഭാര്യയായതോ? സഹജീവികളോട് കരുണ കാട്ടിയതോ? മക്കളെ നല്ല രീതിയിൽ വളർത്തിയതോ? മറ്റുള്ളവരുടെ സങ്കടങ്ങൾ വന്നു പറയുമ്പോൾ, വാക്കിലും പ്രവർത്തിയിലും ആ സങ്കടങ്ങൾ മാറ്റുവാൻ കൂടെ നിൽക്കുന്നതോ... “പാപം ചെയ്തിട്ടൊന്നും അല്ല, സമയമാകുമ്പോൾ പോകാനുള്ള ഓരോ കാരണങ്ങളാണ്” അമ്മയുടെ വാക്കുകൾ എന്നെ ആലോചനകളിൽ നിന്നും ഉണർത്തി, അമ്മ തുടർന്നു “ഇന്നലെ റേഡിയെഷന് പോയപ്പോൾ ഒരു 3 വയസ്സ് പ്രായമുള്ള ഒരു കുട്ടിയെ കണ്ടു, അവൻ എന്ത് പാപമാണ് ചെയ്‌തത്, ഞാൻ ഇപ്പോൾ അവന് വേണ്ടിയാണ് പ്രാർഥിക്കുന്നത്, എന്തു വേദന സഹിക്കുന്നുണ്ടാകും ആ കുട്ടി..” അമ്മ അനുഭവിക്കുന്ന വേദനയുടെ ആഴം ആ വാക്കുകളിൽ നിന്നും എനിക്ക് മനസിലായി, ഇപ്പോൾ എന്റെ ഹൃദയമിടിപ്പ് അമ്മക്കും കേൾക്കാം.

സംസാരിച്ച് സമയം പോയതറിഞ്ഞില്ല, രാത്രി കിടക്കാനുള്ള സമയമായി. ആ ഫ്ലാറ്റിൽ രണ്ട് മുറികളാണ് ഉണ്ടായിരുന്നത്. ഞാനും ഭാര്യയും അമ്മയുടെ റൂമിലാണ് കിടന്നത്. അമ്മ കട്ടിലിലും, ഞങ്ങൾ നിലത്തും, എസി ഇട്ടത് കാരണം നല്ല തണുപ്പാണ്, അമ്മ താഴേക്ക് വീഴും എന്ന് കരുതി ഞാൻ കട്ടിലിനോട് ചേർന്നാണ് കിടക്കുന്നത്. എല്ലാവരും ഉറക്കത്തോട് അടുത്തപ്പോൾ അമ്മ തലയുയർത്തി നോക്കുന്നത് ആ ചെറിയ വെളിച്ചത്തിൽ ഞാൻ കണ്ടു, ഞാൻ ശരിക്കും പുതച്ചിരുന്നില്ല, അമ്മ എന്റെ പുതപ്പ് ശരിയാക്കി എന്റെ നെറ്റിയിലും തലയിലും തലോടികൊണ്ടിരുന്നു, ഓർമ്മകൾ ഒരുപാട് വർഷം പിറകിലേക്ക് ഓടി, പെരുമഴയുള്ള ഒരു രാത്രിയിൽ പനിച്ചു വിറച്ചിരുന്ന എന്നെ ഒരു മരുന്നിനും തരാൻ പറ്റാതിരുന്ന ആശ്വാസം തന്നിരുന്ന ആ തലോടലുകൾ വീണ്ടും, ഉറക്കം അഭിനയിക്കുകയായിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞു, അമ്മയുടെ കൈകൾ എന്റെ കവിളിലൂടെ ഒഴുകുന്ന നീർചാലുകളിൽ തട്ടാതിരിക്കാൻ വേണ്ടി ഞാൻ തിരിഞ്ഞു കിടന്നു... ശബ്ദം പുറത്ത് വരാതെ ഞാൻ ഒരുപാട് കരഞ്ഞു..

ഈ ദിവസം, അലറിമറിയുന്ന തിരമാല പോലെ കലങ്ങിമറിഞ്ഞ മനസ്സിനെ ശാന്തമാക്കിയിരുന്ന കരസ്പർശവും തലോടലുകളും ചിരിയും ശബ്ദവും എനിക്ക് നഷ്ടമായിരിക്കുന്നു. ആരും പോയിട്ട് തിരിച്ചു വന്നിട്ടില്ലാത്ത ഒരിടത്ത് നിന്നും, എന്നെയും അനിയന്മാരെയും അങ്ങ് ദൂരെ നിന്നും നോക്കി ഒന്ന് മുറുകെ കെട്ടിപിടിക്കാൻ ആകാതെ വിങ്ങുന്ന എന്റെ അമ്മയുടെ മുഖം ഞാൻ  കാണുന്നു.. അതെന്നിൽ രൂപപ്പെടുന്ന നൊമ്പരം ഒരു തേങ്ങൽ ആയി മാറാൻ ഒരുങ്ങുമ്പോൾ ഉടൻ കേൾക്കുന്നു “എടാ  കരയെല്ല, എനിക്കിവിടെ സുഖമാണ്..” എന്റെ കണ്ണീർ കാണാനിഷ്ടമില്ലാത്ത അമ്മേ, എന്റെ നഷ്ട വസന്തങ്ങളെങ്കിലും നിങ്ങളെ കുറിച്ചുള്ള മനോഹരമായ ഓർമ്മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്...

English Summary:

Malayalam Memoir Written by Sunilkumar Koolikkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com