നടന്നുപോകുന്നതിനിടെ അജ്‌ഞാത വാഹനം തട്ടി അപകടം; ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു
Mail This Article
മണ്ണനാൽതോട് (കോട്ടയം) ∙ നടന്നുപോകുന്നതിനിടെ അജ്‌ഞാത വാഹനം തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സൗത്ത് നംകാന സ്വദേശി ചന്തൻപിരി മനോരഞ്ജൻ സർദാർ (ഖുഡു – 35) ആണ് മരിച്ചത്.
മറ്റപ്പള്ളി -മഞ്ഞാമറ്റം റോഡിൽ മണ്ണനാൽ തോട് പൗരസമിതി കെട്ടിടത്തിന് സമീപം ഏഴിന് രാത്രി 10ന് ശേഷമായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ ലോറി തട്ടിയാണ് അപകടമുണ്ടായതെന്നു സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപവാസികൾ ഉടൻതന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയവേ 19ന് വൈകിട്ട് 3.30ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏതു വാഹനം തട്ടിയാണ് മരിച്ചതെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നു അയർക്കുന്നം പൊലീസ് അറിയിച്ചു. സംസ്‌കാരം മുട്ടമ്പലത്തെ ശ്‌മശാനത്തിൽ നടത്തി. ഭാര്യ: സംബാറാണി. മക്കൾ: മഹാദേവ്, മൊഹ്‌സിമി.