ആക്കുളം കണ്ണാടിപ്പാലത്തിന് വീണ്ടും തകരാർ; ലാൻഡിങ് പോയിന്റിലെ ഗ്ലാസുകൾ തകർന്നു: ആശങ്ക

Mail This Article
തിരുവനന്തപുരം ∙ നിർമാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ തുറന്നു കൊടുക്കാത്ത ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിന് വീണ്ടും തകരാർ. പാലത്തിന്റെ ലാൻഡിങ് പോയിന്റിലെ ഗ്ലാസുകൾ തകർന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഇന്നലെ പുലർച്ചെ അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ചു. കഴിഞ്ഞ ഏപ്രിലിലും പാലത്തിലെ ഗ്ലാസിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ഒരേസമയം 100 പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന വാഗ്ദാനത്തോടെ നിർമിച്ച പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയും നിർമാണ കരാർ സംബന്ധിച്ച് ദുരൂഹതയും ഉയർന്നിട്ടുണ്ട്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്. എന്നാൽ വട്ടിയൂർക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (വൈബ്) കണ്ണാടി പാലത്തിന്റെ നിർമാണം ഏറ്റെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും കരാർ സംബന്ധിച്ച് വിവാദം ഉയർന്നതോടെ ഉദ്ഘാടനം നടന്നില്ല. ഇതിനിടെയാണ് പാലത്തിന്റെ ആദ്യ പില്ലറിൽ ഗ്ലാസിന്റെ അടിഭാഗത്ത് വിള്ളൽ കണ്ടെത്തിയത്.
ജീവനക്കാർ പൊട്ടിച്ചതാണെന്ന് ആരോപിച്ച് വൈബ് രക്ഷാധികാരിയായ വി.കെ.പ്രശാന്ത് എംഎൽഎ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. 75 അടി ഉയരത്തിൽ നിർമിച്ച പാലത്തിന്റെ അടിഭാഗത്തെ ഗ്ലാസ് പൊട്ടിക്കുക എളുപ്പമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരിക്കെയാണ് രണ്ടാമതും ഗ്ലാസ് പൊട്ടിയതായി കണ്ടെത്തിയത്.
വാഹനങ്ങളുടെ വിൻഡ് ഷീൽഡ് മാതൃകയിലുളള കണ്ണാടി പാളികൾ ഉപയോഗിച്ചാണ് കണ്ണാടിപ്പാലം നിർമിച്ചിരിക്കുന്നത്. രണ്ടു പാളികൾക്കിടയിൽ പ്ലാസ്റ്റിക് ചേർത്തിട്ടുള്ളതിനാൽ ഗ്ലാസ് പൊട്ടിയാലും താഴെ വീഴില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, സഹകരണ സ്ഥാപനമായ വൈബിന് നിർമാണ മേഖലയിൽ മുൻ പരിചയമില്ല എന്നാണ് പ്രധാന ആരോപണം. കരാർ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവർക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്.കണ്ണാടിപ്പാലത്തിന് 52 മീറ്റർ നീളമുണ്ട്. പാലത്തിൽ കയറിയാൽ ആക്കുളം കായലും ഭൂപ്രകൃതിയും കാണാം. 2023 മേയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് ഗ്ലാസ് ബ്രിജ് പ്രഖ്യാപനം നടത്തിയത്.